കുമരകം: ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ മുൻഎൻസിപി പ്രവർത്തകനെതിരേ കൂടുതൽ പരാതികൾ. കുമരകത്തെ സ്വകാര്യ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനായ സി.പി. ബാലസുബ്രമണ്യൻ നൽകിയ പരാതിയിലാണു പ്രതിയെ അറസ്റ്റുചെയ്തത്.
കുമരകം പോലീസ് അറസ്റ്റുചെയ്ത നാല്പതിൽച്ചിറ ടോണി കുമരകത്തെ കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കേസിൽ ടോണിയുടെ ഭാര്യ അശ്വതി രണ്ടാം പ്രതിയാണ്.
ഇവർക്കെതിരെ മുന്പും ആരോപണങ്ങൾ ഉയർന്നിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയ്ക്കെതിരെ നഴ്സുമാർ നടത്തിയ സമരത്തിനിടെ സാന്പത്തിക തിരിമാറി ആരോപിച്ച് ഇവരെ സമരപ്പന്തലിൽനിന്നും പുറത്താക്കിയിരുന്നു. അന്ന് ആശുപത്രിയ്ക്കെതിരെ സമരം ആരംഭിച്ചത് അശ്വതിയുടെ നേതൃത്വത്തിലായിരുന്നു.
തുടർന്നു സമരത്തിന് ഐക്യദാർഢ്യവുമായി ടോണി എത്തുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ ടോണിക്കെതിരെ സി.പി. ബാലസുബ്രമണ്യൻ ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയെ തുടർന്നാണ് കുമരകം പോലീസ് ടോണിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്.
എൻസിപി ഏറ്റുമാനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായ ടോണി എൻവൈസി മുൻ സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്.
അധ്യാപകന്റെ മകന് കണ്ണൂർ എയർപോർട്ടിൽ ഗ്രേഡ് -രണ്ട് ജൂണിയർ അസിസ്റ്റ് റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു. ഈ വിവരമറിഞ്ഞ ടോണി കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ടിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നൽകിയാണ് രണ്ടര ലക്ഷം രൂപാ കൈക്കലാക്കിയത്.
ഒരു സംസ്ഥാന മന്ത്രിയുടെ സഹോദരി പുത്രൻ ഹബീബ് റഹ് മാൻ എന്നു തെറ്റിദ്ധരിപ്പിച്ച് ഒരാളെ ആലപ്പുഴ റോയൽ പാർക്ക് ഹോട്ടലിൽ പരിചയപ്പെടുത്തുകയും അയാൾ ടോണിയുടെ വശം പണം നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധ്യാപകൻ പണം നൽകിയത്.
ബ്രഹ്മമംഗലം സ്വദേശിയും അംഗപരിമിതനുമായ സജോ മാത്യുവിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം രൂപാ വൈകല്യം ഉള്ളവരുടെ പട്ടികയിൽ പെടുത്തി വിഇഒ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തിയതിന്റെ കേസും കുമരകം പോലീസിൽ ടോണിയുടെ പേരിലുണ്ട്. ആലപ്പുഴ സ്വദേശിയിൽ നിന്നും രണ്ട് ലക്ഷം രൂപ ഇതേ രീതിയിൽ നേരത്തെ കൈക്കലാക്കിയിരുന്നു. മുൻ അയ്മനം പഞ്ചായത്ത് അംഗത്തിന്റെ മകൾക്ക് ജോലി വാഗ്ദാനം നൽകിയും പണം വാങ്ങിയിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓയിൽപാം ഇന്ത്യാ ലിമിറ്റഡിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു കുമരകത്തെ സിപിഐ പ്രാദേശിക നേതാവിന്റെ മകനിൽനിന്നും പണം വാങ്ങിയിരുന്നു. മന്ത്രിമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാട്ടിയാണ് താൻ സ്വാധീനമുള്ള രാഷ്ട്രീയക്കാരനാണെന്ന് തട്ടിപ്പിനിരയായവരെ വിശ്വസിപ്പിച്ചിരുന്നത്.