കൊച്ചി: കർണാടകയിലെ വിവിധ നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ വാങ്ങി നൽകാമെന്നു പറഞ്ഞു നിരവധിപേരിൽനിന്നു പണം കവർന്ന സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനാപുരം കലഞ്ഞൂർ ഷനാസ് പാർക്കിൽ വിനീഷിനെ (26) ആണ് സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്.
പിന്നീട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാൾ ഇത്തരത്തിൽ നിരവധിപേരിൽനിന്നു തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപവീതം വാങ്ങിയശേഷം അഡ്മിഷൻ വാങ്ങി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ ഇയാൾ നാട് വിടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഇയാളെ സംബന്ധിച്ച് ലഭിച്ച പരാതിയെത്തുടർന്നു അന്വേഷണം നടത്തുന്നതിനിടെ കടവന്ത്രയിലെത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കടവന്ത്ര വ്യാപാരഭവനിലായിരുന്നു ഇയാളുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
സബ് ഇൻസ്പെക്ടർ പി.എസ്. തങ്കച്ചൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനേശ്, സിവിൽ പോലീസ് ഓഫീസർ മഹേഷ്, പ്രശാന്ത് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.