കോട്ടയം: ജെറ്റ് എയർവേസിന്റെ ജനറൽ മാനേജർ ചമഞ്ഞ് നിരവധി തട്ടിപ്പ് നടത്തിയ ആളെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നു കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ. നിരവധി തട്ടിപ്പുകൾ നടത്തിയ കേസിൽ കുമരകം ഇല്ലിക്കൽ തോപ്പിൽ ടി.എസ്. വിനോദ്കുമാറി(40)നെയാണു പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുമരകം എസ്ഐ ജി. രജൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണു കൂടുതൽ അന്വേഷണം നടത്തുന്നതിനുള്ള ചുമതല.
ഗുജറാത്തിലെ സൂറത്തിലാണ് ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിരിക്കുന്നതെന്നാണു പോലീസിനു ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. മാധ്യമങ്ങളിലുടെ ഇയാൾ നടത്തിയ തട്ടിപ്പിന്റെ കഥകൾ പുറത്തുവന്നതോടെ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്തെത്തുമെന്നാണു കരുതുന്നതെന്നും പോലീസ് പറഞ്ഞു. ആർക്കൊപ്പം ചേർന്നാലും അവരെ എല്ലാം സമർഥമായി കബളിപ്പിച്ചു പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേരളത്തിൽ ഇയാൾ നടത്തിയ തട്ടിപ്പുകളിൽ ചില തട്ടിപ്പുകൾ മാത്രമേ പുറത്തുവന്നിട്ടുള്ളു. വർഷങ്ങൾക്കു മുന്പു കോട്ടയം ഈസ്റ്റ് പോലീസിൽ റെയിൽവേയിൽ ജോലി നല്കാമെന്നു വാഗ്ദാനം ചെയ്തു ചിലരിൽ നിന്നും പണം കൈപ്പറ്റിയതായി കേസുണ്ടായിരുന്നു. പീന്നീട് അത് ഒത്തുതീർക്കുകയായിരുന്നു. നാലു വർഷം മുന്പു വാങ്ങിയെങ്കിലും രജിസ്റ്റർ ചെയ്യാതെ വ്യാജ നന്പർ ഘടിപ്പിച്ചിരുന്ന മഹീന്ദ്ര സൈലോ വാഹനത്തിൽ കറങ്ങി നടന്നായിരുന്നു ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്.
ഈ വാഹനത്തിൽ പരിശോധന നടത്തിയ പോലീസ് സംഘം കാറും ഒട്ടേറെ വ്യാജ രേഖകളും ജെറ്റ് എയർവേസ് ലോജിസ്റ്റിക്സ് ജനറൽ മാനേജർ ബോർഡും സെൻട്രൽ പോലീസ് കാന്റീൻ എന്ന ബോർഡും പിടിച്ചെടുത്തു. ദിവസങ്ങൾക്കു മുന്പു കുമരകത്തുള്ള ദുരിതാശ്വാസ ക്യാന്പിൽ ഇയാൾ പഴകിയ ഏതാനും സാധനങ്ങൾ വിതരണം ചെയ്യാൻ എത്തിയപ്പോൾ തർക്കമുണ്ടായി.
തുടർന്നു ഇയാൾ വാഹനത്തിൽ ഉപയോഗിക്കുന്നതു വ്യാജ നന്പറാണെന്നു ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കറിനു രഹസ്യവിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പിന്റെ കഥകൾ പോലീസിനു മുന്നിൽ വെളിപ്പെട്ടത്. ഒരു ആൾട്ടോ കാറിന്റെ നന്പറായിരുന്നു ഇയാൾ സൈലോയിൽ ഉപയോഗിച്ചിരുന്നത്. ഇയാളുടെ വീട്ടിൽനിന്നും പോലീസ് റെയ്ഡ് ചെയ്തു നിരവധി ബ്രാൻഡഡ് സാധനങ്ങളുടെ വ്യാജ സ്റ്റിക്കറുകൾ, ചാരിറ്റിക്കായി ഉപയോഗിക്കുന്ന രേഖകൾ, ജെറ്റ് എയർവേസിന്റെ സ്റ്റാഫാണെന്നു കാണിക്കുന്നതിനുള്ള കാർഡുകൾ, വ്യാജ ബുള്ളറ്റ് ക്ലബ് രേഖകൾ എന്നിവയും പിടിച്ചെടുത്തു.
മാളയിൽനിന്നും വിദേശത്ത് രാജ്യങ്ങളിൽ സ്റ്റേജ് ഷോകൾ അവതരിപ്പിക്കുന്ന ടീമിനു വിമാന ടിക്കറ്റുകൾ എടുത്ത് നല്കാമെന്നു പറഞ്ഞു ട്രാവൽ ഏജൻസിയിൽനിന്നും ഒന്പതു ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഗുജറാത്തിലെ സൂറത്ത് കേന്ദ്രീകരിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. തിരുവാർപ്പ് അന്പലത്തിലെ ഛായാചിത്രം സ്ഥാപിക്കുന്നതായി 25000, 10000, 2000 തുടങ്ങിയ തുകകളുടെ കൂപ്പണുകൾ സ്വയം അച്ചടിച്ചു ഗുജറാത്തിലെ സൂറത്തിൽ പലർക്കായി നല്കിയും പണം കൈപ്പറ്റിയിട്ടുണ്ട്.
ഛായാചിത്രം സമർപ്പിച്ചതായി കാണിച്ച് 2014, 2015, 2018 എന്നി വർഷങ്ങളിൽ ഇയാൾ ഒരേ രീതിയിലുള്ള കാർഡുകളും അച്ചടിച്ചിട്ടുണ്ട്. തിരുവാർപ്പ് അന്പലത്തിനായി വെബ്സൈറ്റ് ഉണ്ടാക്കി നല്കാമെന്നും പറഞ്ഞു സൂറത്തിൽനിന്നും ഇയാൾ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്.സൂറത്തിൽനിന്നും തുണിത്തരങ്ങൾ വാങ്ങി കേരളത്തിൽ എത്തിച്ചു നല്കുന്ന ജോലിയും ഇയാൾക്കുണ്ട്.
ഇത്തരത്തിൽ കടത്തുന്ന സാധനങ്ങൾക്കു ചെക്ക് പോസ്റ്റുകളിൽ പോലീസ് പരിശോധന ഒഴിവാക്കുന്നതിനായി വാഹനത്തിൽ സെൻട്രൽ പോലീസ് കാന്റീൻ എന്ന ബോർഡും ഇയാൾ സ്ഥാപിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ജെറ്റ് എയർവേസ് ഇയാളിലൂടെ സഹായം നല്കുന്നുവെന്നു കാണിക്കുന്ന ഫ്ലെക്സ് ബോർഡുകളും ഇയാളുടെ പക്കലുണ്ടായിരുന്നു.
ദുരിതാശ്വാസപ്രവർത്തനങ്ങളുടെ പേരിൽ സൂറത്തിൽനിന്നും ഇയാൾ വൻതുക തട്ടിയെടുത്തിട്ടുണ്ട്. വർഷങ്ങൾക്കു മുന്പു ജെറ്റ് എയർവേസ് കന്പനി ഒരു ജോലിയ്ക്കായി സ്വകാര്യ കന്പനി കരാർ നല്കിയിരുന്നു. ഈ കന്പനിയിലെ താത്കാലിക ജീവനക്കാരനായിരുന്നു വിനോദ്. ഇതിനുശേഷമാണ് ജെറ്റ് എയർവേസിന്റെ പേരിൽ തട്ടിപ്പ് ആരംഭിക്കുന്നത്.
ബുള്ളറ്റ് ക്ലബിലെ അംഗമായതിനാൽ ദിവസങ്ങൾക്കുള്ളിൽ പുത്തൻ ബുള്ളറ്റ് എടുത്തു നല്കാമെന്നു പറഞ്ഞ് ഒരു ആർട്ടിസ്റ്റിന്റെ പക്കൽനിന്ന് 25,000 രൂപയും തട്ടിയെടുത്തിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന സൈലോയുടെ സിസി നാലു തവണ മാത്രമേ അടിച്ചിരുന്നുള്ളു.പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ പേടിപ്പിക്കുന്നതിനാണു കളിത്തോക്ക് ഇയാൾ വാഹനത്തിൽ സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ കുമരകം എസ്ഐ ജി. രജൻകുമാർ, ഷാഡോ പോലീസ് എഎസ്ഐ പ്രസാദ്, പ്രദീപ് വർമ്മ, അരുണ്കുമാർ എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.