അയ്യന്തോൾ: അനധികൃത പണമിടപാട് സ്ഥാപനം നടത്തി കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
പുഴയ്ക്കൽ ആനേടത്ത് വീട്ടിൽ രതീഷ് (39), വിൽവട്ടം പാടൂക്കാട് തൃപ്പേക്കുളത്ത് മാരാത്ത് വീട്ടിൽ നവീൻകുമാർ (41), കോലഴി അരിന്പൂർ വീട്ടിൽ ജുവിൻ (42) എന്നിവരാണ് അറസ്റ്റിലായത്. നിക്ഷേപത്തിനു പ്രതിമാസം 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നാണ് ഇവർ പണം തട്ടിയതെന്നു പോലീസ് പറഞ്ഞു.
തിരുവിതാംകൂർ നിധി ലിമിറ്റഡ് എന്ന പേരിൽ പാട്ടുരായ്ക്കലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയ്യന്തോൾ പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു.
10 ലക്ഷം രൂപ നഷ്ടമായ തൃശൂർ സ്വദേശിയുടെ പരാതിയിലുള്ള അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. തുടർന്ന് ലക്ഷങ്ങൾ നഷ്ടപ്പെട്ട നിരവധി പേർ വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
രതീഷ് ചെയർമാനും നവീൻകുമാർ, ജുവിൻ, ജാക്സണ്, പ്രജോദ്, ജയശീലൻ, നിതിൻകുമാർ, സൂരജ്, ഹരികൃഷ്ണൻ എന്നിവർ ഡയറക്ടർമാരും ജിലു, ബിന്ദു, ഷിൻസി, ഷെഫീറോസ്, ഈശ്വരി എന്നീ ജീവനക്കാരുമായി പതിനഞ്ചു പ്രതികളാണു കേസിലുള്ളത്. കൂടുതൽ പ്രതികളെ വരും ദിവസങ്ങളിൽ അറസ്റ്റുചെയ്യുമെന്നു വെസ്റ്റ് പോലീസ് അറിയിച്ചു.
എസ്ഐമാരായ കെ.ആർ. റെമിൻ, കെ.എൻ. വിജയൻ, കെ.ജി. ജയനാരായണൻ, പി.കെ. ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.