വടക്കഞ്ചേരി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി അന്പതുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുടപ്പല്ലൂരിലെ വീട്ടമ്മയേയും തിരുവനന്തപുരം സ്വദേശിയും കണ്‍സ്യൂമർ ഫെഡ് മുൻ റീജണൽ ചെയർമാനുമായ യുവാവിനേയും വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുടപ്പല്ലൂർ പാതിയാട്ട് വീട്ടിൽ ഉഷാദേവി (57), തിരുവനന്തപുരം വഞ്ചിയൂർ അന്പൂരാൻമുക്ക് സ്വാതി വീട്ടിൽ സ്വിഷ് സുകുമാരൻ (36) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ സ്വദേശി രാഗേഷ്, കോഴിക്കോട് സ്വദേശി സനിൽ എന്നിവരുടെ പരാതിയിലാണ് പോലീസ് നടപടി.ഇവരെ കൂടാതെ ഏഴുപേരാണ് ഇപ്പോൾ പരാതിയുമായി എത്തിയിട്ടുള്ളത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായെത്തുമെന്നാണ് പോലീസ് കരുതുന്നത്.
വിവിധ വകുപ്പുകളിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം രൂപ മുതൽ ഏഴുലക്ഷം രൂപവരെയാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ളവരിൽനിന്നും തട്ടിയെടുത്തിട്ടുള്ളത്. രണ്ടുവർഷമായി ഈ തട്ടിപ്പ് നടന്നുവരികയാണ്.