സ്വന്തം ലേഖകന്‍
മുക്കം(കോഴിക്കോട്): റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ അശ്വതി വാര്യര്‍ ചില്ലറക്കാരിയല്ലെന്ന് പോലീസ്.
സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍പോലും തട്ടിപ്പ് നടത്തി കൊയമ്പത്തൂരില് സുഖവാസത്തില്‍ കഴിയുകയായിരുന്നു ഇവര്‍ . ഇവിടെ നിന്നാണ് പോലീസ് പൊക്കിയത്.
എടപ്പാളിലെ വീടിനടുത്തുള്ള സുഹൃത്താണ് കോയമ്പത്തൂരില്‍ ഒളിവില്‍ക്കഴിയാന്‍ സൗകര്യമൊരുക്കിയത്.അശ്വതിക്കൊപ്പം താമസിച്ചിരുന്ന എട്ടും പതിനഞ്ചും വയസുള്ള മക്കളെ എടപ്പാളിലെ വീട്ടിലാക്കിയശേഷമാണ് ഇവരെ മുക്കം സ്റ്റേഷനിലെത്തിച്ചത്.
സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്ന ഭര്‍ത്താവിനൊപ്പം ചെന്നൈയിലായിരുന്നു അശ്വതി താമസിച്ചിരുന്നത്.ചെന്നൈയിലെ കോച്ച് ഫാക്ടറിക്ക് സമീപമായിരുന്നു താമസം.
ഭര്‍ത്താവ് മരിച്ചശേഷം നാട്ടില്‍ എത്തി. ഇവിടെ നിന്നുമാണ് അശ്വതി തട്ടിപ്പിന്റെ ആദ്യപാഠങ്ങള്‍ മനസിലാക്കിയത്. കേസിലെ മൂന്നാം പ്രതിയായ ബാബുമോനും അശ്വതിയും സഹപാഠികളായിരുന്നു.
ബാബുമോനിലൂടെയാണ് അശ്വതി രണ്ടാം പ്രതിയായ ഷിജുവിനെ പരിചയപ്പെടുന്നത്.അശ്വതിയും ഷിജുവും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണംചെയ്തത് റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ആദ്യകാലത്ത് നാല്‍പ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നത്. പിന്നീട് ‘ഫീസ് ‘ ലക്ഷങ്ങളാക്കി.
തട്ടിപ്പിന്റെ ഇടനിലക്കാരായി പ്രവർത്തിച്ച കാരശേരി പഞ്ചായത്തിലെ വല്ലത്തായിപാറ സ്വദേശി ഷിജു, സഹോദരൻ സിജിൻ, എടപ്പാൾ മണ്ഡകപറമ്പിൽ ബാബു എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.ചിലര്‍ക്ക് ഇല്ലാത്ത തസ്തികയായ സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തവരും നൽകി.
മുന്നൂറോളം പേർ തട്ടിപ്പിന് ഇരയായതായാണ് നിഗമനം. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗം പേരും ബിജെപി അനുഭാവികളാണ്.