സ്വന്തം ലേഖകൻ
തൃശൂർ: മെഡിക്കൽ വിദ്യാർഥികൾക്കു വിദ്യാഭ്യാസ വായ്പക്കു സർക്കാർ ഗ്യാരണ്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റ് നൽകാൻ ബാങ്ക് ഈടാക്കുന്ന സർവീസ് ചാർജ് 8,500 രൂപ. കാനറാ ബാങ്കാണ് ഗ്യാരണ്ടി സർട്ടിഫിക്കറ്റിന് സർവീസ് ചാർജായി 8,500 രൂപ ഈടാക്കുന്നത്.
സ്വകാര്യ മെഡിക്കൽ കോളജുകളിൽ ചേർന്ന വിദ്യാർഥികളേയും രക്ഷിതാക്കളേയുമാണ് ഇങ്ങനെ പിഴിയുന്നത്. ഫീസ് ഇനത്തിൽ ബാങ്കിൽനിന്ന് ഗ്യാരണ്ടി സർട്ടിഫിക്കറ്റ് വേണമെന്നാണ് മെഡിക്കൽ കോളജ് മാനേജുമെന്റുകൾ ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസ വായ്പയെടുക്കുന്ന വിദ്യാർഥികൾക്കു ബാങ്ക് അക്കൗണ്ടിൽ അത്രയും പണം നിക്ഷേപിച്ച് സർട്ടിഫിക്കറ്റു സന്പാദിക്കാൻ കഴിയില്ല. ഇതു ബോധ്യപ്പെട്ട സർക്കാർ കേരളത്തിലെ ബാങ്ക് മേധാവികളുടെ യോഗം വിളിച്ച് സർക്കാർതന്നെ ഗ്യാരണ്ടിയെന്ന് അറിയിച്ചിരുന്നു.
സർക്കാർ വാഗ്ദാനം ചെയ്ത ഗ്യാരണ്ടിയെ ആധാരമാക്കി സർട്ടിഫിക്കറ്റ് നൽകാനാണ് ഇത്രയും ഭീമമായ തുക സർവീസ് ചാർജ് ചുമത്തുന്നത്. സർട്ടിഫിക്കറ്റ മുദ്രപത്രത്തിലാണു തയാറാക്കേണ്ടത്. ഇതിന് 200 രൂപയുടെ മുദ്രപത്രവും വിദ്യാർഥികൾ വാങ്ങിക്കൊടുക്കണം. സർട്ടിഫിക്കറ്റുകൾ രണ്ടു ദിവസത്തിനകം ഹാജരാക്കണമെന്നാണ് കോളജുകളുടെ അന്ത്യശാസനം.