കൊച്ചി: യൂബർ ടാക്സി ഡ്രൈവറെ മർദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച ഭിന്നലിംഗക്കാരുടെ സംഘത്തിലെ ഒളിവിൽ കഴിയുന്ന രണ്ടുപേരെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവരെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടരയോടെ ഹൈക്കോർട്ട് ജംഗ്ഷനിൽവച്ച് യൂബർ ടാക്സി ഡ്രൈവർക്കു നേരെയുണ്ടായ ആമ്രകണത്തിൽ പത്തനംതിട്ട സ്വദേശി ഭൂമിക (20), വൈറ്റില സ്വദേശികളായ ശ്രുതി(24), സോനാക്ഷി( 20), ചെങ്ങന്നൂർ സ്വദേശി അരുണിമ(23), നെയ്യാറ്റിൻകര സ്വദേശി നിയ എന്നിവരെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ആലുവ സ്വദേശിയായ യൂബർ ടാക്സി ഡ്രൈവർ ഓട്ടം കാത്തുകിടക്കുന്നതിനിടെ ഏഴംഗസംഘം സ്ഥലത്തെത്തി കാറിൽ ഇടിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇടിച്ചതിനെത്തുടർന്ന് കാറിന്റെ ഗ്ലാസ് താഴ്ത്തവേ ഡ്രൈവറുടെ കോളറിൽ പിടിച്ച് വലിക്കുകയും പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. പേടിച്ചു പോയ ഡ്രൈവർ കാറെടുത്ത് പോകുംവഴി ഇതുവഴിയെത്തിയ പോലീസ് വാഹനം തടഞ്ഞുനിർത്തി വിവരം അറിയിച്ചു.
ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സെൻട്രൽ സിഐ അനന്തലാലും സംഘവും സ്ഥലത്തെത്തി പ്രതികളെ ഉടൻ പിടികൂടുകയായിരുന്നു. ഇതിനിടെ രണ്ടുപേർ രക്ഷപ്പെട്ടിരുന്നു. പോലീസ് അന്വേഷണത്തിൽ ഇവരെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമായതായാണ് അധികൃതർ വ്യക്തമാക്കിയത്. പിടിയിലായ സംഘത്തെക്കുറിച്ച് വ്യാപക പരാതിയുള്ളതായി അസിസ്റ്റന്റ് കമ്മീഷണർ ലാൽജി പറഞ്ഞു. ഇവരോടുള്ള അടുപ്പം പുറത്ത് അറിയാതിരിക്കാൻ പലരും അവർക്ക് സംഭവിക്കുന്ന മർദനങ്ങളും കവർച്ചകളും മൂടി വയ്ക്കുകയാണ് പതിവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഭിന്നലിംഗക്കാരുടെ ശല്യംമൂലം പള്ളിയിൽ പോകാൻ കഴിയാത്ത അവസ്ഥായാണെന്നുള്ള എറണാകുളം സെന്റ് വിൻസെന്റ് റോഡ് റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ പരാതിയിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഏതാനും മാസം മുന്പ് ഇത്തരത്തിൽ കവർച്ച നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലയ്ക്കു വെളിയിലുള്ള ചെറുപ്പക്കാരാണ് ഇവരുടെ പ്രധാന ഇരകളെന്നും സ്ത്രീ വേഷം കെട്ടി സംഘങ്ങളായിട്ടാണ് സംഘം കവർച്ച നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.