കണ്ണപുരം: ജോലി വാഗ്ദാനം ചെയ്തും സിനിമയിൽ അഭിനയിക്കാൻ ചാൻസ് തരാമെന്നും പറഞ്ഞു നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ കൊല്ലം സ്വദേശി ബിജു തോമസ് ഏബ്രഹാമി (49) നെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു.
ആരോൺ ദേവരാഗ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ബിജു അറിയപ്പെടുന്നത്. സിനിമ പ്രൊഡ്യൂസർ ചമഞ്ഞും എഡിജിപിയായ മനോജ് ഏബ്രഹാം തന്റെ ബന്ധുവാണെന്നും പറഞ്ഞ് നിരവധി ആളുകളെ പറ്റിച്ച് പണം കൈക്കലാക്കിയ ബിജു തോമസ് ഏബ്രഹാം ആണ് കഴിഞ്ഞ ദിവസം റിമാൻഡിലായത്.
2016-ൽ സിനിമാ നിർമിക്കാനെന്ന് പറഞ്ഞ് കണ്ണപുരം സ്വദേശി മനു കൃഷ്ണനിൽനിന്ന് മൂന്നര ലക്ഷം വാങ്ങി പറ്റിച്ച് കടന്നുകളഞ്ഞ കേസിൽ റിമാൻഡിലായ ബിജു കണ്ണൂർ സബ് ജയിലിലാണുള്ളത്.
കൊല്ലം സ്വദേശിയായ ബിജു മിലിറ്ററി ഡോക്ടർ ആണെന്നും ലെഫ്റ്റനന്റ് കേണൽ ആണെന്നും പറഞ്ഞ് മിലിട്ടറി യൂണിഫോമണിഞ്ഞുള്ള വ്യാജ ഐഡൻറിറ്റി കാർഡ് ഉണ്ടാക്കിയാണ് ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ വാങ്ങുന്നത്.
ജോലി വാഗ്ദാനം ചെയ്ത് വികലാംഗനായ പാലക്കാട് സ്വദേശി മനോജിൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങിയ കേസ് നിലവിലുണ്ട്. മിലിറ്ററിയിൽ ജോലി വാഗ്ദാനം ചെയ്ത് 18 കുടുംബങ്ങളിൽനിന്നും ഓരോ ലക്ഷം രൂപ വാങ്ങിയ കേസ് ബംഗളൂരുവിൽ ഉണ്ട്.
ബംഗളൂരു ഉദയനഗറിൽ സ്വന്തംവീട് വെച്ച് താമസമാക്കിയ ബിജുവിനെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ണപുരം സ്റ്റേഷനിലെ പോലീസുകാരായ മഹേഷ്, ഷാജി എന്നിവരാണ് പിടികൂടിയത്.
പ്രമുഖരായ സിനിമാ നടന്മാരുടെ കൂടെയും അതുപോലെ സമൂഹത്തിലെ ഉന്നത വ്യക്തികളുടെയും കൂടെനിന്ന് ഫോട്ടോയെടുത്തത് എഫ്ബിയിലും വാട്സ്ആപ്പിലും പോസ്റ്റ് ചെയ്ത് അവരുമായി തനിക്ക് ആത്മബന്ധം ഉണ്ടെന്നും പറഞ്ഞാണ് അദ്ദേഹം ഇരകളെ വീഴ്ത്തുന്നത്.
ബംഗളൂരുവിലും കേരളത്തിലുമായി നിരവധി യുവതി-യുവാക്കളെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചിട്ടുണ്ട്.
പലർക്കും പണം നഷ്ടപ്പെട്ടുവെങ്കിലും നാണക്കേടോർത്ത് പുറത്തു പറയാനോ നിയമ നടപടിയുമായി മുന്നോട്ടു പോകാനോ തയാറാകാത്തതാണ് ബിജുവിന് ഗുണകരമായത്.