വാഴക്കുളം: വിവാഹ പ്രായമെത്തിയ യുവജനങ്ങളെ തേടി വ്യാജ ദല്ലാൾ വീടുകളിലെത്തി തട്ടിപ്പു നടത്തി മുങ്ങുന്നത് വാഴക്കുളം മേഖലയിൽ പതിവാകുന്നു. 2000 മുതൽ 7000 രൂപ വരെ പണമീടാക്കി വേങ്ങച്ചുവട്, കാവന, ബസ്ലഹം പ്രദേശങ്ങളിലെ വീടുകളിലാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്.
രണ്ടാഴ്ചക്കുള്ളിൽ ഒരേ പ്രദേശത്തു തന്നെ പല വീടുകളിലും 35 വയസ് പ്രായം തോന്നുന്ന ഇയാൾ വെളുത്ത ചേതക് സ്കൂട്ടറിൽ എത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. വീടുകളിലെത്തി ആവോലി സ്വദേശിയായ ബിനു എന്ന് സ്വയം പരിചയപ്പെടുത്തി അയൽക്കാരുടേയും പ്രമുഖ വ്യക്തികളുടേയും ബന്ധങ്ങൾ പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.
പാലായിലെ പ്രശസ്ത മാര്യേജ് ബ്യൂറോയിൽ നിന്നാണെന്നും സ്മാർട്ടായി വേഷം ധരിച്ച് വാചാലമായി സംസാരിക്കുന്ന ഇയാൾ പലയിടത്തും പരിചയപ്പെടുത്തുന്നുണ്ട്. ആർക്കും സംശയമുണ്ടാകാത്ത രീതിയിൽ വാഴക്കുളത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ബന്ധവും അവസരോചിതമായി ഇയാൾ പറയുന്നുണ്ട്.
വിവാഹാലോചന ആരംഭിക്കുന്ന വീട്ടിലെ കുട്ടിക്ക് യോജിച്ചതെന്ന വ്യാജേന പല വിലാസങ്ങളും ആദ്യമേ പറയും. തുടർന്ന് രജിസ്ട്രേഷൻ ഫീസായി 6800 പാലായിലെ ഓഫീസിലെത്തി അടയ്ക്കാനാണ് ആവശ്യപ്പെടുന്നത്.
സമയക്കുറവും ദൂരവും പരിഗണിച്ച് വിമുഖത പറയുന്ന വീട്ടുകാർക്ക് വ്യാജ ഫോണ് നന്പർ നൽകി ടോക്കണ് തുകയായി 2000 രൂപ മുതൽ കൈയിൽ വാങ്ങുന്നതാണ് ഇയാളുടെ രീതി. നിശ്ചിത തീയതിയിൽ നടത്തുന്ന പെണ്ണുകാണലിന് ബാക്കി തുക നൽകിയാൽ മതിയെന്നും പറയും.
ഇതോടെ വീട്ടുകാർ പൂർണമായി സമ്മതം നൽകും. നിശ്ചിത ദിവസം വീട്ടുകാർ ചായയും ഒരുക്കി കാത്തിരിക്കുമെങ്കിലും ആരും വരാറില്ല. തന്നിരിക്കുന്ന ഫോണ് നന്പർ വ്യാജവും ഓഫ് ചെയ്തതുമായിരിക്കും. കഴിഞ്ഞ മാസങ്ങളിൽ മേഖലയിലെ നിരവധി ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ട്.
ആദ്യം പറയുന്ന തുക മുഴുവനായി കൊടുത്ത് നഷ്ടമുണ്ടായവരുമുണ്ട്. തുക ചെറുതായതിനാൽ വീട്ടുകാർ പറ്റിയ അബദ്ധം പുറത്തു പറയാതിരിക്കുന്നതും ഇയാളുടെ തട്ടിപ്പിന് സഹായകമാകുകയാണ്. തട്ടിപ്പിനിരയായ ചിലർ വാഴക്കുളം പോലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്.