ന്യൂഡൽഹി: കന്പനിയിൽനിന്നു ഡയറക്ടർ ബോർഡ് അറിയാതെ ശതകോടികൾ അടിച്ചെടുത്ത കന്പനി സ്ഥാപകർ പുറത്ത്. ഇതോടൊപ്പം സഹോദരങ്ങളായ ഇവർ നടത്തിയ വേറേ തട്ടിപ്പുകളും പുറത്തുവരുന്നു.
ഫോർടിസ് ആശുപത്രി ശൃംഖല നടത്തുന്ന ഫോർടിസ് ഹെൽത്ത് കെയറിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ മൽവിന്ദർ സിംഗ്, വൈസ് ചെയർമാൻ ശിവിന്ദർ സിംഗ് എന്നിവരാണു കുരുക്കിലാകുന്നത്. ഇവർ പദവികളിൽനിന്നു രാജിവച്ചു. നേരത്തേ റാൻബാക്സി ലബോറട്ടറീസ് എന്ന മരുന്നുനിർമാണ കന്പനിയുടെ ഉടമകളായിരുന്നു. അതു വിറ്റിട്ടു തുടങ്ങിയതാണു ഫോർടിസും ധനകാര്യ സർവീസ് കന്പനിയായ റെലിഗേർ എന്റർപ്രൈസസും.
ഫോർടിസിൽനിന്നു 473 കോടി രൂപ കഴിഞ്ഞ ജൂലൈയിൽ ഏതാനും കന്പനികൾക്കു വായ്പയായി നല്കി. ഈ കന്പനികൾ പിന്നീട് ഇവരുടെ ഒരു ഗ്രൂപ്പ് കന്പനിയുടെ ഭാഗമായി. ഡയറക്ടർ ബോർഡ് അറിയാതെയാണു വായ്പ നല്കിയത്. ഈ കന്പനികൾ ഗ്രൂപ്പിന്റെ ഭാഗമായതോടെ വായ്പ ബന്ധപ്പെട്ടവർക്കു നല്കിയ വായ്പ എന്ന ഗണത്തിലായി. ഇതിനു കന്പനി നിയമത്തിൽ ഒട്ടേറെ നിയന്ത്രണങ്ങളും വിലക്കുകളുമുള്ളതാണ്.
വായ്പ സംബന്ധിച്ച നിയമക്കുരുക്കുമൂലം ഓഡിറ്റർമാർ കന്പനിയുടെ ബാലൻസ് ഷീറ്റിൽ ഒപ്പിടാൻ വിസമ്മതിച്ചു. ഇടപാട് നടന്നെന്നു സമ്മതിച്ച കന്പനി നിയമവിരുദ്ധമായി ഒന്നുമില്ലെന്നും തിരിച്ചടവ് തുടങ്ങിയെന്നും അവകാശപ്പെട്ടു. രാജിക്കത്ത് അടുത്തയാഴ്ച ഡയറക്ടർ ബോർഡ് പരിഗണിക്കും. ഫോർടിസിൽ 36 ശതമാനം ഓഹരി ഈ സഹോദരങ്ങൾക്കുണ്ട്.
ഇതിനിടെ ഈ സഹോദരന്മാരുടെ തന്നെ റെലിഗേർ എന്റർപ്രൈസസിൽനിന്ന് 1920 കോടി രൂപ (30 കോടി ഡോളർ) പല കന്പനികൾക്കും വ്യക്തികൾക്കുമായി നല്കിയെന്നു രേഖ ഉണ്ടാക്കി സഹോദരന്മാർ അടിച്ചെടുത്തെന്ന കേസും ഉയർന്നു. ഡൽഹി ഹൈക്കോടതിയിൽ ഒരു അമേരിക്കൻ നിക്ഷേപസ്ഥാപനമാണു കേസ് നല്കിയത്. റിസർവ് ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടും ഉദ്ധരിച്ചാണു കേസ്. 2015-16ലാണത്രെ ഈ തട്ടിപ്പ്.
മൂന്നാം തലമുറ ബിസിനസുകാരാണ് ഇവർ. സമീപകാലംവരെ ഇന്ത്യയിലെ 20 അതിസന്പന്നരുടെ പട്ടികയിൽ ഇവരുണ്ടായിരുന്നു. ഭായ് മോഹൻസിംഗ് എന്ന മുത്തച്ഛൻ സ്ഥാപിച്ചതാണ് റാൻബാക്സി. അദ്ദേഹത്തിന്റെ മകൻ പർവീന്ദർസിംഗിന്റെ മക്കളാണു ഡൂൺ സ്കൂളിലും മറ്റും പഠിച്ച ഇവർ.
ഇവർ റാൻബാക്സിയെ ഡൈഇച്ചി സാൻക്യോ എന്ന ജാപ്പനീസ് കന്പനിക്കു വിറ്റതിലും വലിയ തട്ടിപ്പുണ്ടായിരുന്നു. റാൻബാക്സിയുടെ നിരവധി ഔഷധങ്ങളുടെ വില്പനാനുമതി അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റദ്ദാക്കിയതും ഫാക്ടറികൾക്കു വിലക്കേർപ്പെടുത്തിയതും മറച്ചുവച്ചായിരുന്നു കച്ചവടം.
മരുന്നുകളുടെ വില്പനാനുമതി നേടാൻ കൈക്കൂലി കൊടുത്തതടക്കമുള്ള തട്ടിപ്പുകളുടെ കാര്യവും ജാപ്പനീസ് കന്പനിയിൽനിന്നു മറച്ചുവച്ചു. ഇവ പിന്നീട് പുറത്തുവന്നപ്പോൾ ഡൈഇച്ചി സഹോദരന്മാർക്കെതിരേ കേസ് കൊടുത്തു. സിംഗപ്പൂർ കോടതി 3,500 കോടി രൂപയുടെ പിഴശിക്ഷ വിധിച്ചു. 2014ലെ ഈ വിധി നടപ്പാക്കാൻ ജാപ്പനീസ് കന്പനി ഇന്ത്യയിൽ നല്കിയ കേസിലും സിംഗ് സഹോദരന്മാർക്കെതിരേ വിധി വന്നു.
ഈ വിധി വരുംമുന്പുതന്നെ 10,240 കോടി രൂപയുടെ വ്യക്തിപരമായ കടബാധ്യതയിലായിരുന്നു സഹോദരന്മാർ. ഇവരുടെ ഗ്രൂപ്പിന്റെ മാതൃകന്പനിക്കുമുണ്ട് പതിനായിരം കോടി രൂപയുടെ കടം.
സിംഗപ്പൂർ വിധിയെത്തുടർന്നുള്ള ബാധ്യത ഫോർടിസിനെ ബാധിക്കാതിരിക്കാനാണു രാജി എന്നാണു സിംഗ് സഹോദരന്മാർ പറയുന്നത്. കന്പനികൾ വിറ്റു പിഴയടയ്ക്കാനും കടം വീട്ടാനും ആലോചന നടന്നിരുന്നപ്പോഴാണ് കേസും പുതിയ ആരോപണങ്ങളും.
ഫോർടിസ് ആശുപത്രി വിൽക്കാൻ സിംഗ് സഹോദരന്മാർ നീക്കം തുടങ്ങിയിരുന്നു. ഇനി അവർ ഇല്ലാത്ത ഡയറക്ടർ ബോർഡ് ആ വില്പന വേഗത്തിലാക്കാൻ ശ്രമിക്കും. കർണാടകത്തിലെ മണിപ്പാൽ ഹോസ്പിറ്റൽ ആണ് ഫോർടിസിനെ വാങ്ങാൻ ഉത്സാഹിക്കുന്നത്. അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജിയുമായി സഹകരിച്ചാണു മണിപ്പാലിന്റെ നീക്കം.
മൂന്നാം തലമുറ ബിസിനസുകാരായ സിംഗ് സഹോദരന്മാരുടെ തകർച്ച കുറേ കിട്ടാക്കടംകൂടി ബാങ്കുകൾക്കു ശേഷിപ്പിക്കുമോ എന്ന ഭീതിയുമുണ്ട്.