ആലുവ: നേരറിയാൻ സിബിഐ എന്നു കേട്ടുശീലിച്ച നാട്ടിൽ ഇതേ പേരിൽ ആലുവയിൽ വ്യാജന്മാർ കാട്ടിയത് നെറികേട്. നാട്ടിലേക്ക് പോകാൻ ആലുവ റെയിൽവേസ്റ്റേഷനിൽ എത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് സിബിഐ ഉദേ്യാഗസ്ഥർ ചമഞ്ഞെത്തിയവരുടെ തട്ടിപ്പിനിരയായത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നഷ്ടമായത് 47,000 രൂപയും എടിഎം കാർഡും. ബാങ്കിൽ ഉടൻ വിവരം നൽകിയതിനാൽ അക്കൗണ്ടിലുണ്ടായിരുന്ന 12,000 രൂപ നഷ്ടമായില്ല.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ധൻബാദ് എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനെത്തിയ ജാർഖണ്ഡ് സ്വദേശി സുരാധാൻ, ഒഡീഷ സ്വദേശി തപോവൻ എന്നിവരാണ് തട്ടിപ്പിനിരയായത്. സിബിഐ ഓഫീസർമാരെന്നു പരിചയപ്പെടുത്തിയ രണ്ടംഗസംഘം ഇവരോട് ആധാർകാർഡും യാത്രാരേഖകളും ആവശ്യപ്പെടുകയായിരുന്നു. ചില സംശയങ്ങളുള്ളതിനാൽ സുരാധാനെ സിബിഐ ഓഫീസിലേക്കാണെന്നും പറഞ്ഞ് സംഘം പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം എത്തിയപ്പോൾ ഇയാളുടെ ബാഗിലുള്ള 46,000 രൂപയും പേഴ്സിലുണ്ടായിരുന്ന 1000 രൂപയുമെടുത്തു. മൊബൈൽഫോണും എടിഎം കാർഡും വാങ്ങിയശേഷം റെയിൽവേസ്റ്റേഷനിൽ പോയി തപോവാനെ കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.കൂട്ടുകാരനെയും കൂട്ടി സുരാധാൻ എത്തിയപ്പോഴേക്കും സിബിഐ ഓഫീസർമാർ മുങ്ങി.
ഉടൻ ഇവർ റെയിൽവേ പോലീസിലും ആലുവ ഈസ്റ്റ് പോലീസിലും പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. തട്ടിപ്പുസംഘത്തിലെ ഒരാൾ മലയാളവും മറ്റേയാൾ ഹിന്ദിയുമാണ് സംസാരിച്ചിരുന്നതെന്ന് പറയുന്നു.
ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ആലുവ പ്രിൻസിപ്പൽ എസ്ഐ എം.എസ്. ഫൈസർ രാഷ്ട്രദീപികയോടു പറഞ്ഞു. നീറിക്കോട് കാറ്ററിംഗ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു തട്ടിപ്പിനിരയായ സുരാധാൻ. എടയാറിലെ കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റിലായിരുന്നു തപോവന്‍ ജോലി. നാട്ടിലെ ബന്ധുക്കൾക്ക് കൊടുക്കാൻ കൂട്ടുകാർ കെടുത്തയച്ച പണമാണ് നേരില്ലാത്ത സിബിഐക്കാർ അടിച്ചുമാറ്റിയത്.