കൊച്ചി: സഹോദരന്റെ പേരില്‍ തട്ടിപ്പിലൂടെ ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിക്കു കയറിയ വ്യക്തി മരിച്ച സാഹചര്യത്തില്‍ ഇയാള്‍ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ഭാര്യയില്‍നിന്നു തിരിച്ചു പിടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയറായിരുന്ന സി.ബി. രാജന്റെ ഭാര്യയും മകളും നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
സി.ബി. രാജന് സഹോദരന് സി.ബി. ഭാസ്കരന്റെ പേരിലാണ് ജോലിക്കു കയറിയത്. സി.ബി. ഭാസ്കരനായി സര്‍വീസിലിരിക്കെ 2014 ല്‍ മരിച്ചു. പത്രത്തില്‍ ചരമവാര്‍ത്ത വന്നതോടെയാണ് തട്ടിപ്പു പുറത്തുവന്നത്.
തുടര്‍ന്ന് ഇയാള്‍ സര്‍വീസിലിരിക്കെ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ഭാര്യയില്‍നിന്ന് ഈടാക്കാന്‍ നടപടി തുടങ്ങി.
ഇതിനെതിരേ രാജന്റെ ഭാര്യയും മകളും നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളി. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. രാജന് സര്‍വീസിലുള്ളപ്പോള്‍ തട്ടിപ്പു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നിരിക്കെ ഇപ്പോള്‍ തുക തിരിച്ചുപിടിക്കാനാവില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം ആശ്രിത നിയമനം അനുവദിക്കണമെന്ന മകളുടെ ഹര്‍ജി ഡിവിഷന് ബെഞ്ച് തള്ളി.