കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ചു വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി പണമാവശ്യപ്പെട്ടു സന്ദേശമയച്ച കേസിൽ ആസാം സ്വദേശികളെ തിരിച്ചറിഞ്ഞതായി പോലീസ്.
ഇവരെ അറസ്റ്റു ചെയ്യുന്നതിനായി നാലംഗ പോലീസ് സംഘം ആസാമിലേക്ക് തിരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉള്ളതായി സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അസം സ്വദേശിയുടെ പേരിലുള്ള മൊബൈൽ നന്പർ ഉപയോഗിച്ചു നിർമിച്ച വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് സൈബർ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ഈ മൊബൈൽ നന്പർ കേന്ദ്രീകരിച്ചാണ് കൊച്ചി സൈബർ പോലീസ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രൊഫൈൽ ഫോട്ടോയുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽനിന്ന് പണം ആവശ്യപ്പെട്ട് ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം സന്ദേശം കിട്ടിയത്. ഇദ്ദേഹം സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.