കോട്ടയം: യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെതിരെ വിജിലൻസ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണു കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്. സജി മഞ്ഞക്കടന്പിൽ, ഭാര്യ ലത, രണ്ടു ബന്ധുക്കൾ എന്നിവർ ചേർന്നു കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽനിന്നും 20 ലക്ഷം രൂപ സംസ്ഥാന സംരംഭക വികസന മിഷൻ പ്രൊജക്ടിൽപ്പെടുത്തി തട്ടിയെടുത്തുവെന്നാണു പാലാ കരൂർ സ്വദേശി ബിൻസിന്റെ പരാതി.
രണ്ടു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണു കോടതി നിർദേശം നൽകിയിട്ടുള്ളത്.
അതേസമയം, വായ്പാ തട്ടിപ്പ് നടത്തിയെന്ന തനിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ഏതന്വേഷണവും നേരിടാൻ തയാറാണെന്നും യൂത്ത്ഫ്രണ്ട് എം -സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പ്രതികരിച്ചു.
രണ്ടുവർഷം മുന്പ് ഇതേ പരാതിക്കാരൻ ഈ വിഷയം ചൂണ്ടിക്കാട്ടി കോട്ടയം വിജിലൻസ് എസ്പിക്ക് നൽകിയ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും കണ്ടെത്തിയതാണ്.
രാഷ്ട്രീയ എതിരാളികളുടെ പിന്തുണയോടെ മുന്പും ഇയാൾ തനിക്കെതിരേ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അതെല്ലാം കോടതി തള്ളിക്കളയുകയാണു ചെയ്തത്. കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോൾ കെഎഫ്സി സ്വയം സംരംഭകമിഷനിൽനിന്ന് അഞ്ചുപേർ ചേർന്നാണു പദ്ധതിക്കായി അപേക്ഷ നൽകിയത്.
താനും തന്റെ സഹോദരന്റെ മക്കളും സുഹൃത്തും ചേർന്ന് വായ്പയ്ക്ക് അപേക്ഷ നൽകി. സഹോദരന്റെ മകൾക്ക് 21 വയസ് പൂർത്തിയാകാത്തതിനാലാണു തന്റെ ഭാര്യയെ ഉൾപ്പെടുത്തിയത്. വസ്തു ഈടായി വാങ്ങിയ വായ്പയിൽ പദ്ധതിയുടെ ഭാഗമായ യാതൊരു സബ്സിഡിയും ലഭിച്ചിട്ടില്ലെന്നും ഇടപാടിൽ ക്രമക്കേട് നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.