ചവറ: പൊതുമേഖല സ്ഥാപനങ്ങളായ ദക്ഷിണ റെയിൽവെ, ചവറ കെഎംഎംഎൽ കമ്പനി എന്നിവിടങ്ങളിൽ വ്യാജ നിയമന ഉത്തരവുകൾ നൽകി കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ റിമാന്റിലായ രണ്ട് പേരെയും കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് ചവറ പോലീസ്.
തിരുവനന്തപുരം മലയിൻകീഴിൽ വിവേകാനന്ദ നഗറിൽ അനിഴം വീട്ടിൽ ഗീതാ റാണി എന്നറിയപ്പെടുന്ന ഗീതാ രാജഗോപാൽ (62), ചവറ കോട്ടയ്ക്കകം മണുവേലിൽ പൊതുപ്രവർത്തകൻ കൂടിയായ സദാനന്ദൻ (50) എന്നിവരെയാണ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിമാന്റിൽ പോയത്.
കരുനാഗപ്പള്ളി എസിപി ബി.ഗോപകുമാർ, ചവറ എസ്എച്ച്ഒ എ.നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എ
ന്നാൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു കേസുകൂടി ചവറ സ്റ്റേഷനിലും ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പിനിരയായ ഏഴുപേർ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും പരാതി നൽകിയതായാണ് വിവരം.
അറസ്റ്റിലായവരെ കൂടാതെ മറ്റൊരാൾ കൂടി പിടിയിലാകാനുണ്ടെന്നും ചില ഏജന്റുമാരുടെ സഹകരണവും ഇവർക്ക് ലഭിച്ചതായും സൂചനയുണ്ട്. ഒർജിനൽ ലെറ്റർപാഡുകൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ വ്യാജ ലെറ്റർപാഡുകളും സീലുകളും നിർമിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
നിലവിൽ പരാതി നൽകിയിട്ടുള്ളവർ അവർക്ക് ലഭിച്ച വ്യാജ നിയമന ഉത്തരവ് പോലീസിന് കൈമാറിയിട്ടുണ്ട്.വരും ദിവസങ്ങളിലും പരാതിയുടെ എണ്ണം വർധിക്കാനാണ് സാധ്യത.
കൂടുതൽ അന്വേഷണങ്ങൾക്കായി സദാനന്ദനെയും ഗീതാ റാണിയെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് ചവറ എസ്എച്ച്ഒ നിസാമുദ്ദീൻ പറഞ്ഞു. ഉദ്യോഗാർഥികൾ നൽകിയ പണം കണ്ടെത്താനും ഇവരെ കൂടാതെ പ്രതികളായി കൂടുതൽ പേരുണ്ടോ എന്നും റിമാന്റിലുള്ളവരെ കസ്റ്റഡിയിൽ വാങ്ങി അന്വേഷിക്കുമ്പോൾ മാത്രമെ അറിയാൻ കഴിയു.