പയ്യന്നൂര്‍: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതിയെയും യുവാവിനെയും കബളിപ്പിച്ച സംഭവത്തിലെ സിഐ ചമഞ്ഞയാള്‍ കവര്‍ന്നെടുത്ത സ്വര്‍ണം പോലീസ് കണ്ടെടുത്തു.പത്തര പവന് സ്വര്‍ണവും രണ്ടു മൊബൈലുകളുമാണ് കണ്ടെടുത്തത്. കമിതാക്കളില്‍നിന്ന് കവര്‍ന്ന പണവും ഒരു പവനുമായി കടന്ന ‘എസ്ഐ’യെ പിടികൂടാനായില്ല.
തട്ടിപ്പ് നടത്തിയ കുറ്റ്യാടി അടുക്കത്തെ കെ.എം.റഷീദ്(40)നെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ഇന്നലെ എട്ട് പവന് സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തത്.കാഞ്ഞങ്ങാടും കാസര്‍ഗോഡുമുള്ള ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
ഇയാളെ അറസ്റ്റ് ചെയ്തയുടന്‍ നടത്തിയ ചോദ്യം ചെയ്യലിലൂടെ കുറ്റ്യാടിയിലെ വീട്ടില്‍നിന്നും തളിപ്പറമ്പിലെ ഭാര്യാ വീട്ടില്‍നിന്നും പണയംവച്ച ബാങ്കില്‍ നിന്നുമായി രണ്ടര പവൻ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു.ഒരു പവന് സ്വര്‍ണവും പരാതിക്കാരില്‍നിന്നും കവര്‍ന്ന പണവും ഇനി കണ്ടെത്താനുണ്ട്.
ഇത് എസ്ഐ ചമഞ്ഞ കാസര്‍ഗോഡ് സ്വദേശി ശിഹാബിന്റെ കൈവശമാണെന്നാണ് റഷീദ് പോലീസിനോട് പറഞ്ഞത്.ശിഹാബിനെ പിടികൂടുന്നതിനായി പോലീസ് സംഘം ഇന്നലെ കാസര്‍ഗോട്ടെ വീട്ടിലെത്തിയെങ്കിലും കുറച്ചു ദിവസമായി വീട്ടിലില്ല എന്നാണ് മനസിലായത്.ഇയാള്‍ ഒളിവിലാണെന്ന് പയ്യന്നൂര്‍ എസ്എച്ച്ഒ എം.പി.ആസാദ് പറഞ്ഞു.തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയ റഷീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.