എടക്കര: എയര്‍പോര്‍ട്ടില്‍ നിന്നു ലക്ഷങ്ങള്‍ വിമതിക്കുന്ന ലഗേജുമായി മുങ്ങിയ ദമ്പതികള്‍ പോലിസിന്റെ പിടിയിലായി. കാസര്‍ഗോഡ് കാഞ്ഞാങ്ങാട് ഒഴിഞ്ഞവളപ്പ് പുഴക്കല കല്ലില്‍ സിദ്ദിഖ് (30), ഭാര്യ മലപ്പുറം ജില്ലയിലെ വഴിക്കടവ് കാരക്കോട് ആനക്കല്ലന്‍ ഹസീന(35) എന്നിവരാണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്.
കാഞ്ഞാങ്ങാട് ഇഖ്ബാല്‍ ഗേറ്റില്‍ താമസിക്കുന്ന ഷംസുദീന്റെ പരാതിയിലാണ് അറസ്റ്റ്. വിദേശത്തു ബിസിനസ് നടത്തുന്ന ഷംസുദീന്റെ ഹൗസ് സര്‍വന്റായി ജോലി ചെയ്യുകയായിരുന്നു ഹസീന. കഴിഞ്ഞ 23ന് ഷംസുദീന്റെ കൂടെ ഹസീനയും നാട്ടിലേക്കു വന്നിരുന്നു. 24നു പുലര്‍ച്ചെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഷംസുദീന്‍ ശുചിമുറിയില്‍ പോകാന്‍ നേരം രണ്ടു ബാഗുകള്‍ ഹസീനയെ ഏല്‍പ്പിച്ചു.
എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഹസീന ബാഗുകളുമായി കടന്നുകളഞ്ഞിരുന്നു. ബന്ധുക്കളുടെ വിവാഹാവശ്യത്തിനുള്ള വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളുമടക്കം 13 ലക്ഷം രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ഇതിനിടെ ഹസീന വിവരം നല്‍കിയതനുസരിച്ച് ഭര്‍ത്താവ് സിദിഖ്, മംഗലാപുരം സ്വദേശികളായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ബാഗുമായി ഈ സംഘം മുങ്ങുകയായിരുന്നു.
തുടര്‍ന്നു ഹസീനയെ അന്വേഷിച്ച് ഷംസുദീന്‍ ഇവരുടെ വഴിക്കടവിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കള്‍ മുഖേനയും മധ്യസ്ഥന്മാര് മുഖേനയും ബാഗുകള്‍ തിരിച്ചു കിട്ടാന്‍ ഷംസുദീന്‍ ശ്രമം നടത്തിയെങ്കിലും തിരിച്ചു നല്കാന് ഇവര്‍ തയാറായില്ല. പിന്നീട് ഷംസുദീന്‍ വഴിക്കടവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഈസമയം എയര്‍പോര്‍ട്ടില്‍ നിന്നു മംഗലാപുരത്തെത്തിയ സംഘം മുറി വാടകയ്ക്കെടുത്ത് ബാഗുകള്‍ തുറന്നു ആഭരണങ്ങള്‍ ഹസീനയും ഭര്‍ത്താവും കൈക്കലാക്കുകയും മറ്റു സാധനങ്ങള്‍ സുഹൃത്തുക്കള്‍ വീതിച്ചെടുക്കുകയുമായിരുന്നു. ആഭരണങ്ങള്‍ നാലു ലക്ഷം രൂപയ്ക്ക് മംഗലാപുരത്ത് വില്‍പ്പന നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.
വഴിക്കടവ് എസ്ഐ വി.എസ്.വിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു. ഹസീനയുടെ കാരക്കോടുള്ള വീട്ടില്‍ നിന്നു ഷംസുദീന്റെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഹസീനയുടെ രണ്ടാം ഭര്‍ത്താവായ സിദീഖ് കഞ്ചാവ് കേസിലും അടിപിടികേസിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പ്രതികള്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ലഗേജുകള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ കണ്ണികളാണെന്നു പോലീസ് സംശയിക്കുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍ കരീം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വഴിക്കടവ് ഇന്‍സ്പെക്ടര്‍ പി.ബഷീറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.അസൈനാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, ടോണി, ജോബി, സിനി, സി.പി.ഒമാരായ എന്‍.പി.സുനില്‍, ഇ.ജി.പ്രദീപ്, റിയാസ് ചീനി, ജേയേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.