കോട്ടയം: വസ്ത്ര വ്യാപാരം തുടങ്ങാമെന്നു പറഞ്ഞ് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ളാലം സ്വദേശി മധുചന്ദ്രശേഖർ എന്നയാളുടെ പരാതിയിൽ മാവേലിക്കര സ്വദേശികളായ സുരേഷ്, ഭാര്യ ഉഷ, റോയി എന്നിവർക്കെതിരേയാണ് കേസ്.
ഇവർ മുൻകൂർ ജാമ്യം തേടിയതിനാൽ അറസ്റ്റ് ചെയ്യാനാവില്ലെന്ന് പാലാ എസ്ഐ വ്യക്തമാക്കി. എതിർ കക്ഷികൾക്കെതിരേ ആലുവ പോലീസും കേസെടുത്തിട്ടുണ്ടെന്ന് പാലാ പോലീസ് പറഞ്ഞു. 2017ലാണ് ളാലം സ്വദേശിയെ കബളിപ്പിച്ച് 10 ലക്ഷം വാങ്ങിയത്. വസ്ത്ര വ്യാപാരം തുടങ്ങാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 100 രൂപയുടെ പതിനായിരം ഓഹരികൾ എടുപ്പിച്ചു.
പിന്നീട് ലാഭവിഹിതമോ മറ്റൊന്നും നല്കാതിരുന്നപ്പോഴാണ് പണം നല്കിയ ആൾ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. വാഗ്ദാനം ചെയ്ത സ്ഥാപനം പോലും ഇല്ലെന്നും കടലാസ് സ്ഥാപനമാണെന്നും മനസിലായതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
റോയി എന്നയാളാണ് ഇടനില നിന്ന് ഓഹരി എടുപ്പിച്ചത്. ആലുവയ്ക്കു പുറമെ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് ഇതുപോലെ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.