പാറന്പുഴ: പള്ളിയിൽനിന്ന് ബാങ്കിൽ അടയ്ക്കാൻ നല്കിയ പണം തട്ടിയെടുത്ത കൈക്കാരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെള്ളകം കുറുപ്പന്തറ മുകുളേൽ ദിജു ജേക്കബി (45)നെയാണ് റിമാൻഡ് ചെയ്തത്.
ഇയാൾ നടത്തിയ തട്ടിപ്പിനെക്കുറിച്ചു വിശദമായി അന്വേഷണം ആരംഭിച്ചതായി ഗാന്ധിനഗർ പോലീസ് പറഞ്ഞു. ഇന്നലെ ഇയാളെ പാറന്പുഴ പള്ളിയിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇയാൾ പാറന്പുഴ ഹോളി ഫാമിലി പള്ളിയിലെ പണം തട്ടിയെടുത്തു തുടങ്ങിയത്. പള്ളിയുടെ കുമാരനല്ലൂർ കാത്തലിക് സിറിയൻ ബാങ്കിലെ അക്കൗണ്ടിൽ അടയ്ക്കുന്നതിനായി നല്കിയിരുന്ന പണം ഇയാൾ ബാങ്കിൽ അടയ്ക്കാതെ തട്ടിയെടുക്കുകയായിരുന്നു.
പണം അടച്ചതായി കാണിക്കുന്ന ബാങ്കിലെ സീൽ പതിപ്പിച്ച സ്ലിപ്പും വ്യാജമായുണ്ടാക്കി പള്ളി അധികൃതർക്കു നല്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏഴു മാസമായി ബാങ്കിൽ അടയ്ക്കുന്നതിനായി നല്കിയ പണമാണ് ഇയാൾ തട്ടിയെടുത്തത്.
പണം അക്കൗണ്ടിൽ കൃത്യമായി നിക്ഷേപിക്കുന്നുണ്ടെന്നു കാണിക്കുന്നതിനായി ഇയാൾ വ്യാജ സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ളവ പള്ളിയിൽ സമർപ്പിച്ചിരുന്നതിനാൽ സംശയം തോന്നിയിരുന്നില്ല. പള്ളിയിലെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇയാൾ മാത്രമാണു നടത്തിയിരുന്നത്. ഇതിനു മറ്റൊരെയും പോകാൻ അനുവദിച്ചിരുന്നുമില്ല.
ചില ദിവസങ്ങളിൽ പള്ളിയിൽനിന്നും ബാങ്കിൽ നിക്ഷേപിക്കാൻ നല്കിയിരുന്ന തുകയിൽ കുറച്ചു പണം മാത്രം ബാങ്കിൽ നിക്ഷേപിച്ചിരുന്നതായും പരിശോധനയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ സ്ലിപ്പും സ്റ്റേറ്റ്മെന്റും ഉൾപ്പെടെയുള്ളവ ഇയാൾ വീട്ടിലെ കംപ്യൂട്ടറിന്റെ സഹായത്തോടെ വ്യാജമായി നിർമിക്കുകയായിരുന്നു.
പള്ളിയിലെ പെയിന്റിംഗ് ജോലികൾ നടത്തിയതിന്റെ ഭാഗമായിട്ടുള്ള പണം 10, 20 രൂപയുടെ നോട്ടു കെട്ടുകളായി ഇയാൾ പെയിന്റ് കടയിൽ നല്കി. ഈ വിവരങ്ങൾ രഹസ്യമായി പള്ളി അധികൃതർ അറിഞ്ഞതോടെയാണ് സംശയമുണ്ടായത്. തുടർന്നു അന്വേഷണം നടത്തി ബാങ്കിൽ നിന്നു യഥാർഥ്യ സ്റ്റേറ്റ്മെന്റ് വാങ്ങി പരിശോധിച്ചതോടെയാണു തട്ടിപ്പ് ബോധ്യമായത്.
തുടർന്നു ഗാന്ധിനഗർ പോലീസിൽ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ നാട്ടിൽനിന്നും മുങ്ങി. തുടർന്നു മാർച്ച് മൂന്നിനു മൂന്നാറിലെ റിസോർട്ടിലെത്തിയ ദിജു അമേരിക്കയിൽനിന്നു വരികയാണെന്നും ഭാര്യയും മക്കളും അടത്തുദിവസങ്ങളിൽ നാട്ടിലെത്തുമെന്നും റിസോർട്ട് ഉടമയെ പറഞ്ഞു വിശ്വസിപ്പിച്ചു അവിടെ കഴിയുകയായിരുന്നു.
ഇതിനിടയിൽ റിസോർട്ട് ഉടമയുടെ പക്കൽനിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത് ഇയാൾ അവിടെനിന്നും മുങ്ങി. ഗാന്ധിനഗർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കണ്ണൂരിലെ പയ്യാവൂരിലുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ എസ്ഐ കെ.ദീപക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.