വൈക്കം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 42.72 ലക്ഷം രൂപയും ജൂവലറി ഉടമയുടെ 47.79 ലക്ഷം രൂപയും തട്ടിയെടുത്തെന്ന കേസിൽ പ്രതികളായ ദമ്പതികളും കൂട്ടാളിയും ഇപ്പോഴും ഒളിവിലെന്ന് പോലീസ്.
അതേസമയം, പ്രതികൾ നാട്ടിൽ തന്നെ ഉണ്ടെന്നാണ് വിവരം. ഡിവൈഎഫ്ഐ മുൻ നേതാവ് തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), ഭർത്താവ് സിപിഎം. മുൻ നേതാവ് അനന്തു ഉണ്ണി(29), ഇവരുടെ കൂട്ടാളി വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവി പ്രജിത്ത് (35) എന്നിവർ ഒളിവിലാണെന്നാണ് തലയോലപ്പറമ്പ് പോലീസ് പറയുന്നത്.
എന്നാൽ, തലയോലപ്പറമ്പ് പഞ്ചായത്തിന്റെ താൽക്കാലിക ആംബുലൻസ് ഡ്രൈവറായ അനന്തു കഴിഞ്ഞദിവസങ്ങളിൽ ആംബുലൻസുമായി പോകുന്നത് കണ്ടവരുണ്ട്.
ആംബുലൻസിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്തിന്റെ രേഖകളിലും ഉണ്ട്. രണ്ട് കേസിലെയും പരാതിക്കാർ സകല തെളിവുകളും പോലീസിനെ ഏൽപ്പിച്ചിട്ടും പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.
കാര്യമായ വരുമാനം ഇല്ലാത്ത അനന്തു ഉണ്ണിയുടെയും കൃഷ്ണേന്ദുവിന്റയും ബാങ്ക് അക്കൗണ്ടുകളിൽ ഒരുവർഷത്തിനിടെ കോടികളുടെ ഇടപാടുകളാണ് നടന്നത്.
എന്നാൽ ഇതേക്കുറിച്ചുള്ള അന്വേഷണവും എങ്ങും എത്തിയില്ല. തട്ടിപ്പിൽ സിപിഎമ്മിലെ ഉന്നതർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ കേസിൽ കൃഷ്ണേന്ദു ഒന്നാം പ്രതിയും ദേവി പ്രജിത്ത് രണ്ടാം പ്രതിയുമാണ്. സെപ്റ്റംബർ 21നാണ് സ്ഥാപനം ഉടമ ഉദയംപേരൂർ സ്വദേശി പി.എം. രാഗേഷ് ഇവർക്കെതിരേ പരാതി കൊടുക്കുന്നത്.
അന്വേഷണം തുടങ്ങിയതോടെ ഇരുവരും ഒളിവിൽപോവുകയായിരുന്നു. കേസിൽ അനന്തു ഉണ്ണിയെ പ്രതി ചേർത്തിട്ടില്ലാത്തതിനാൽ. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഇതിനിടെ സെപ്റ്റംബർ 30ന് കൃഷ്ണേന്ദുവും അനന്തു ഉണ്ണിയും തന്റെ പക്കൽ നിന്ന് 47.79 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി, വെട്ടിക്കാട്ടുമുക്കിൽ ജൂവലറി നടത്തുന്ന വടകര ബിസ്മില്ലാ മൻസിലിൽ എം.പി. ഷുക്കൂർ രംഗത്തെത്തുകയായിരുന്നു. ഈ കേസിൽ അനന്തു ഉണ്ണി ഒന്നാം പ്രതിയും കൃഷ്ണേന്ദു രണ്ടാം പ്രതിയുമാണ്.