എടക്കര: ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി പിടിയിലായ യുവാവ് നിരവധി തട്ടുപ്പു കേസുകളിൽ പ്രതിയെന്ന് പോലീസ്. എറണാകുളം ഇടപ്പള്ളി വിടിസി മാളിയേക്കല്‍ റോഡ് അമൃതംഗൗരിയിലെ കിഷോര്‍ ശങ്കര്‍ (39) ആണ് കഴിഞ്ഞ ദിവസം എടക്കര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 27ന് ചുങ്കത്തറയിലെ മൊബൈല്‍ ഷോപ്പുടമയില്‍ നിന്നു മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. ചെന്നൈയിലേക്ക് ബിസിനസ് ആവശ്യാര്‍ഥം ട്രെയിനില്‍ പോകുമ്പോള്‍ അതേ കമ്പാര്‍ട്ട്മെന്റില്‍ വച്ചാണ് മൊബൈല്‍ ഷോപ്പുടമ ഇയാളെ പരിചയപ്പെട്ടത്.
താന്‍ കനറാ ബാങ്ക് മാനേജരാണെന്നും തിരുപ്പതിയിലേക്ക് ക്ഷേത്ര ദര്‍ശനത്തിന് പോവുകയാണെന്നുമാണ് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന ആളെ സുഹൃത്താണെന്നും ഡോക്ടറാണെന്നും ആന്ധ്ര വിജയവാഡ സ്വദേശിയാണെന്നും പരിചയപ്പെടുത്തിയിരുന്നു.
തനിക്ക് മൂന്ന് മുന്തിയ ഫോണുകള്‍ ആവശ്യമുണ്ടെന്നും മഞ്ചേരിയില്‍ ബാങ്ക് ഓഡിറ്റിന് വരുമ്പോള്‍ ഓര്‍ഡര്‍ നല്‍കാമെന്നും ഇയാള്‍ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് കിഷോര്‍ ശങ്കര്‍ ചുങ്കത്തറയിലെ കടയിലെത്തി.മൊബൈല്‍ ഫോണുകള്‍ വാങ്ങിയ ശേഷം ഗൂഗിള്‍പേ വഴി പണം അയക്കാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ പണം അക്കൗണ്ടില്‍ എത്തിയ മെസേജ് വന്നിട്ടില്ലെന്ന് ഷോപ്പുടമ പറഞ്ഞപ്പോള്‍ നെറ്റ് തകരാറാകും പണം കയറിക്കോളും എന്നു പറഞ്ഞ് ഇരുപത്തി ഏഴായിരം രൂപ വിലവരുന്ന മൂന്നു ഫോണുകളുമായി പോവുകയായിരുന്നു. പിന്നീട് പണമാവശ്യപ്പെട്ട് വിളിക്കുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞുമാറിയതോടെയാണ് ഷോപ്പ് ഉടമയ്ക്ക് കബളിപ്പിക്കപ്പെട്ടതായി മനസിലായത്.
തുടര്‍ന്ന് ഇയാള്‍ മലപ്പുറം പോലീസ് മേധാവിക്ക് പരാതി നല്കി. എടക്കര പോലീസും പ്രത്യേക അന്വേഷണ സംഘവും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇയാളുടെ ചിത്രം പുറത്തുവിട്ടു. ബുധനാഴ്ച ഇയാള്‍ മഞ്ചേരി ടൗണിലെ മൊബൈല്‍ ഷോപ്പില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു.
തുടര്‍ന്നു മഞ്ചേരി പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ എടക്കരയിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി തട്ടിപ്പുകള്‍ നടത്തി ആര്‍ഭാടജീവിതം നയിച്ചുവരുന്ന ആളാണെന്ന് വ്യക്തമായി.
2021 ല്‍ തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ സമാന കേസില്‍ ഇയാള്‍ ജാമൃത്തിലിറങ്ങിയതാണ്. ചുങ്കത്തറ ഷോപ്പുടമയെ കബളിപ്പിച്ച് കൈക്കലാക്കിയ ഫോണുകള്‍, വിവിധ ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍, വിസിറ്റിംഗ് കാര്‍ഡുകള്‍, ലോണ്‍ അപേക്ഷ ഫോറങ്ങള്‍ എന്നിവ പ്രതിയില്‍ നിന്നു കണ്ടെടുത്തു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.