ഏറ്റുമാനൂർ: കുറഞ്ഞ വിലയിൽ ഗുണമേന്മയേറിയ ഗ്രാനൈറ്റ് വിതരണം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് കച്ചവടക്കാരനെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഏറ്റുമാനൂർ നൂറ്റൊന്ന് കവലയിൽ പ്രവർത്തിക്കുന്ന ഗ്രാനൈറ്റ് സ്ഥാപനത്തിൽനിന്നാണ് പണം തട്ടിയെടുത്തത്.
കടക്കാരൻ മുൻപ് ആന്ധ്രയിൽനിന്ന് നേരിട്ട് എത്തിയാണ് ഗ്രാനൈറ്റ് എടുത്തിരുന്നത്. എന്നാൽ അടുത്തിടയ്ക്ക് ഇവർ സമൂഹമാധ്യമങ്ങളിൽ കണ്ട പരസ്യത്തെ തുടർന്ന് ബന്ധപ്പെടുകയായിരുന്നു. അപ്പോൾ ഓർഡർ ചെയ്യുന്നതനുസരിച്ച് അവരുടെ വാഹനത്തിൽ കൃത്യസമയത്ത് ഗ്രാനൈറ്റ് എത്തിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ഇതിൻ പ്രകാരം ഗ്രാനൈറ്റ് ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം കന്പനി അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അതേ തുടർന്ന് സ്ഥാപന ഉടമ കന്പനി അക്കൗണ്ടിലേക്ക് പണം അയച്ചു. എന്നാൽ ലോഡ് വരേണ്ട സമയം കഴിഞ്ഞിട്ടും വരാതിരുന്നതോടെ ആ നന്പറിൽ ബന്ധപ്പെട്ടു.
അപ്പോൾ ഇവരുടെ ലോഡ് കയറ്റിയിരിക്കുകയാണെന്നും അന്പതിനായിരം രൂപ നൽകിയാൽ മാത്രമേ ലോഡ് വിടു എന്നും അറിയിച്ചു. അത് വിശ്വസിപ്പിക്കാനായി വണ്ടിയിൽ ലോഡ് കയറ്റിയ ഫോട്ടോയും അയച്ച് കൊടുത്തു. അതിന് ശേഷം അന്പതിനായിരം രൂപയും നേരത്തേ പറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് ഫോണ് നന്പറിൽ ബന്ധപ്പെട്ടപ്പോൾ പ്രതികരണം ലഭിച്ചില്ല.