കോട്ടയം: തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന പത്രവാർത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമൊക്കെയുണ്ടെങ്കിലും പിന്നെയും ജനം തട്ടിപ്പിനിരയാകുന്നു. ഇന്നലെ പട്ടാപ്പകൽ സിനിമാ മോഡൽ തട്ടിപ്പ് നടത്തിയയാൾ ഒറ്റയടിക്ക് ആറു ലക്ഷമാണ് അടിച്ചെടുത്തത്. ഒരു തവണ കണ്ട പരിചയത്തിന്റെ പേരിൽ ഏറ്റുമാനൂർ സ്വദേശിയെ കബളിപ്പിച്ച് ആറു ലക്ഷം രൂപയാണ് ഒരൂ വിരുതൻ തട്ടിയെടുത്തത്.
ബാങ്കിൽ പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്തു നല്കാമെന്ന് പറഞ്ഞു വന്നയാൾ ജ്വല്ലറി ഉടമയെ സമർഥമായി കബളിപ്പിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ പണയമിരിക്കുന്ന സ്വർണാഭരണങ്ങൾ കുറഞ്ഞ വിലയ്ക്കു വാങ്ങുന്നയാളാണ് ജ്വല്ലറി ഉടമ. കഴിഞ്ഞ ദിവസം ഒരാൾ ജ്വല്ലറി ഉടമയെ ചെന്ന് കണ്ടു സ്റ്റേറ്റ് ബാങ്കിന്റെ കളക്ടറേറ്റിനു സമീപമുള്ള ശാഖയിൽ പണയമിരിക്കുന്ന സ്വർണഭരണങ്ങൾ എടുത്ത് വിൽപ്പന നടത്തുന്നതിനു സഹായിക്കണമെന്നാവശ്യപ്പെട്ടു.
പണയം വച്ചിരിക്കുന്ന സ്വർണം എടുക്കുന്നതിന് ഇന്നലെ രാവിലെ വരാമെന്നും പറഞ്ഞു.ഇതനുസരിച്ചു ഇയാൾ കടയുടമയുടെ കാറിൽ കളക്ടറേറ്റിനു മുന്നിലുള്ള ബാങ്കിലെത്തി. ഉടനെ പണയം എടുത്തുവരാമെന്നു പറഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്ന ആറു ലക്ഷം രൂപ വാങ്ങി ബാങ്കിലേക്ക്് കയറി. ഇതിനിടെ ജ്വല്ലറി ഉടമയ്ക്ക് ഒരു ഫോണ്കോൾ വന്നു. ഫോണിൽ സംസാരിച്ച ശേഷം ബാങ്കിനു മുന്നിൽ കാത്തു നിന്നു.
ഏറെ സമയം കാത്തുനിന്നിട്ടും സ്വർണാഭരണങ്ങളുമായി ആൾ തിരികെ എത്താതെ വന്നതോടെ കടയുടമ ബാങ്കിനുള്ളിൽ കയറി പണം വാങ്ങിയവരെ തെരഞ്ഞു. ബാങ്ക് അരിച്ചുപെറുക്കിയിട്ടും ആളെ കണ്ടെത്താനായില്ല. അപ്പോഴാണു താൻ കബളിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്. ഉടൻ തന്നെ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നല്കി.
സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബാങ്കിനുള്ളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ കാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ വ്യക്തതയില്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിയുന്നില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു ഉൗർജിതമായി അന്വേഷണം ആരംഭിച്ചതായി ് സിഐ നിർമ്മൽ ബോസ് പറഞ്ഞു.
ജ്വല്ലറി ഉടമയെ അറിയാവുന്നയാളാണ് തട്ടിപ്പിനു പിന്നലെ വന്നതിനാൽ പ്രതിയെ വൈകാതെ പിടികൂടാൻ സാധിക്കുമെന്ന് പോലീസ് പറഞ്ഞു. കളക്ടറേറ്റ് ജംഗ്ഷനിലെയും മറ്റു ചില സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.