തളിപ്പറമ്പ്: രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്നു പറഞ്ഞ് മറ്റു രോഗികൾനിന്ന് പണം തട്ടുന്ന സംഘം വ്യാപകം. ഇന്നലെ തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അഡ്മിറ്റായ രോഗിയില്‍ നിന്നും 1500 രൂപ തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം. കാലിന് സുഖമില്ലാതെ അഡ്മിറ്റായ പഴയങ്ങാടി മുട്ടം സ്വദേശി ഇബ്രാഹിമിൽ നിന്നാണ് തളിപ്പറമ്പ് ചെനയന്നൂര്‍ സ്വദേശിയായ നസീറാണെന്നു പറഞ്ഞ് അജ്ഞാതൻ പണം തട്ടിയത്.
സഹോദരി പ്രസവിച്ചിട്ടുണ്ടെന്നും അത്യാവശ്യമായി 1500 രൂവേണമെന്നും ആവശ്യപ്പെട്ട് ഇബ്രാഹിമിന്റെ ഭാര്യയെയാണ് ഇയൾ ആദ്യം സമീപിക്കുന്നത്. എന്നാൽ കൈയിൽ പണമൊന്നുമില്ലെന്ന് ഇവർ അറിയിച്ചു. പിന്നീട് ഇവർ ചായ വാങ്ങിക്കാനായി പുറത്തുപോയ സമയത്താണ് ഇബ്രാഹിമിനെ തന്നെ സമീപിച്ച് പണം കൈക്കലാക്കുന്നത്. സഹോദരി പ്രസവിച്ചിട്ടുണ്ടെന്നും മരുന്ന് വാങ്ങാന്‍ അത്യാവശ്യമായി 1500 രൂപ വേണമെന്നും പണം നിങ്ങളോട് വാങ്ങാന്‍ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇബ്രാഹിമിൽനിന്നും പണം കൈക്കലാക്കുന്നത്.
ഇബ്രാഹിമിന്റെ ഭാര്യ തിരിച്ചെത്തി വിവരമറിഞ്ഞതിനെ തുടര്‍ന്ന് സംശയം പ്രകടിപ്പിച്ച് പണത്തിനായി നസീറിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. സംഭവത്തിനു മുന്‍പ് ആശുപത്രിയുടെ ലേബര്‍ റൂമിന് സമീപം ഉണ്ടായിരുന്ന ചെനയന്നൂരിലെ നസീറിനെ പ്രതി പരിചയപ്പെട്ടിരുന്നുവത്രെ. പൂവ്വം സ്വദേശിയാണെന്നു പറഞ്ഞാണ് ഇയാൾ നസീറിനെ പരിചയപ്പെടുന്നത്. പിന്നീട് നസീറിന്റെ പേരു പറഞ്ഞ് ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു.
ആശുപത്രിയിലെ സിസിടിവി ദൃശ്യത്തില്‍ നിന്നും യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ കൂവോട്ടെ ഒരു മരണവീട്ടിന്റെ അയല്‍വക്കത്തുനിന്നും ആംബുലന്‍സിന് വാടക കൊടുക്കാനെന്ന പേരില്‍ 2000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയ മുയ്യം സ്വദേശിയായ യുവാവ് തന്നെയാണ് ഇയാളെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും സമാനമായ രീതിയില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആശുപത്രികളില്‍ രോഗികളേയും കൂട്ടിരിപ്പുകാരേയും പറഞ്ഞുപറ്റിച്ച് തട്ടിപ്പു നടത്തുന്നത് അടുത്തിടെ വ്യാപകമായിട്ടുണ്ട്. തളിപ്പറമ്പ് പോലീസ് അന്വേഷണം നടത്തിവരികയാണ്.