കണ്ണൂർ: സൂറത്തിൽ ഭാര്യാസമേതം ആഡംബരജീവിതം നയിക്കുകയായിരുന്നു സ്വർണത്തൊഴിലാളിയെന്ന വ്യാജേന ആഭരണനിർമാണ കേന്ദ്രത്തിലെത്തി 25 പവൻ തട്ടിയെടുത്ത കേസിൽ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായ കോൽക്കത്ത സ്വദേശി ഷെയ്ഖ് ജാമിറുൾ ഹസൻ (31) . ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ മോഷണത്തിനു പോകുന്നത് വിമാനത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞവർഷം കുറ്റിപ്പുറത്ത് മോഷണശ്രമം നടത്തിയെങ്കിലും ഉടമ പിടികൂടുകയായിരുന്നു. അവിടെ നിന്നും വിമാനമാർഗമാണ് മഹാരാഷ്ട്രയിൽ എത്തുന്നത്. സ്വർണ കന്പനികൾ കേന്ദ്രീകരിച്ചാണു പ്രധാനമായും മോഷണം നടത്തുന്നത്. മോഷണം നടത്തുന്നതിന് ഇയാൾക്കു കൂട്ടാളികൾ ഉണ്ടെന്നാണു പോലീസ് സംശയിക്കുന്നത്. ആഡംബരജീവിതം നയിക്കുന്നതോടൊപ്പം മദ്യപാനവും വലിയ ഹോട്ടലുകളിൽ മുറിയെടുത്തു താമസിക്കുന്നതുമാണ് പ്രധാന വിനോദം.
മാന്യമായ വേഷവും പെരുമാറ്റവും കൊണ്ട് നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരനാണ് ജാമിറുൾ. പോലീസിന്റെ ആറുമാസത്തെ നീക്കങ്ങൾക്കൊടുവിൽ പിടിയിലായ ഷെയ്ഖ് ജാമിറുൾ ഹസന്റെ ജീവിതം ഒരു കഥപോലെയാണ്. രണ്ടുമാസം മുന്പ് വിവാഹിതനായ ഇയാൾ മോഷണം നടത്തിയശേഷം വീട്ടിൽ തിരിച്ചെത്തും.
ബിസിനസുകാരനാണെന്നാണു ഭാര്യയെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. നാട്ടുകാരായ പാവങ്ങൾ അദ്ഭുതത്തോടെയാണ് ഇയാളെ നോക്കിക്കണ്ടിരുന്നത്. നിരന്തരം വിമാനയാത്ര നടത്തുന്നയാളായതു കൊണ്ട് കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനത്ത് ബിസിനസ് ഉണ്ടെന്നും പ്രചരിപ്പിച്ചിരുന്നു.
നാട്ടുകാർക്ക് നല്ല അഭിപ്രായമാണ് ഹസനെക്കുറിച്ചു പറയാനുണ്ടായിരുന്നത്. കണ്ണൂരിലെ അന്വേഷണ സംഘം സൂറത്തിലുള്ള വീട്ടിലെത്തിയപ്പോഴും ഇതേ അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്. കേസിൽ ഇയാളുടെ പങ്ക് വ്യക്തമായതോടെ കോൽക്കത്ത പോലീസിന്റെ സഹായവും കണ്ണൂരിലെ അന്വേഷണ സംഘത്തിനു ലഭിച്ചു.
നൂറുകണക്കിനു ഫോൺകോളുകൾ സൈബർ സെൽ പരിശോധിച്ചപ്പോഴാണ് ഏപ്രിൽ മാസത്തോടെ പ്രതിയെ തിരിച്ചറിയാനായത്. അഡീഷണൽ എസ്ഐ എൻ.പി.രാഘവനും എസ്പിയുടെ ഷാഡോ ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ താളിക്കാവിനു സമീപം സ്വർണാഭരണ നിർമാണ കേന്ദ്രത്തിൽ മോഷണം നടത്തിയ കേസിലായിരുന്നു അറസ്റ്റ്.