പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ കുറ്റക്കാർക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന ഏതു നടപടിയെയും സിപിഎം പിന്തുണയ്ക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. തട്ടിപ്പിന് ഇരയായവർക്ക് അവരുടെ നഷ്ടം തിരിച്ചു കിട്ടാൻ വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പുകേസിലെ പ്രതികളെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ജില്ലാ സെക്രട്ടറി ഇന്നലെ പ്രസ്താവനയുമായി രംഗത്തുവന്നത്. ഇതിനിടെ അടുത്തുകൂടുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിലെ ചിലർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ചൂടേറിയ ചർച്ചകൾക്കു കാരണമാകുമെന്നതിനാലാണ് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.കേസിൽ കുറ്റാരോപിതനായ പ്രശാന്ത് പ്ലാത്തോട്ടത്തെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി പറഞ്ഞു.
കോണ്ഗ്രസുകാരനായിരുന്ന ഇയാൾ പാർട്ടിയിൽ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ ജയസൂര്യ നേരത്തെ എസ്എഫ്ഐ പ്രവർത്തകയായിരുന്നു. എന്നാൽ, ഇപ്പോൾ ഇവർക്ക് പാർട്ടിയുമായോ മറ്റ് ബഹുജന സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. സ്ഥിരമായി തിരുവനന്തപുരത്തു താമസിക്കുന്ന ഇവർ വല്ലപ്പോഴും അമ്മയെ കാണാൻ മാത്രമേ നാട്ടിലെത്തിയിരുന്നുള്ളൂവെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു..
ഇത്തരം ഇടപാടുകൾ ഇവർ വളരെ രഹസ്യമായാണ് നടത്തിയിരുന്നതെന്നത് വ്യക്തമാണ്. പാർട്ടി അറിയാതിരിക്കാൻ പാർട്ടിയുമായി ബന്ധമുള്ള ആരുമായും ഇവർ സാന്പത്തിക ഇടപാടുകൾ നടത്തിയിരുന്നില്ല. ഉത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരിക്കലും സിപിഎമ്മിന്റെ ഒരു സഹായവും ഉണ്ടായിരിക്കില്ലെന്നും ഉദയഭാനു പറഞ്ഞു.കേസ് കൊല്ലം പോലീസും സൈബർവിഭാഗവുമാണ് അന്വേഷിക്കുന്നത്.
കെടിഡിസി ചെയർമാനും മുൻനിയമസഭാ സ്പീക്കറുമായ എം. വിജയകുമാറിന്റെ ലെറ്റർപാഡ്, ഔദ്യോഗികസീൽ, ഒപ്പ് എന്നിവ വ്യാജമായി നിർമിച്ച് 20 പേരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് തട്ടിപ്പിലൂടെ കൈക്കലാക്കിയിരിക്കുന്നത്. പ്രശാന്തിന്റെ കടന്പനാട് തുവയൂരിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി ലാപ്ടോപ്പ്, മൊബൈൽഫോണുകൾ, ലെറ്റർപാഡുകൾ, നിയമന ഉത്തരവുകൾ എന്നിവ കണ്ടെടുത്തു.
കേസിൽ നിലവിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നവർ സിപിഎം നേതാക്കളിൽ ചിലരുമായി പുലർത്തിയിരുന്ന ബന്ധമാണ് ആരോപണങ്ങൾ ശക്തിപ്പെടാൻ കാരണം. തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയിട്ടുള്ള ജയസൂര്യയുടെ ബന്ധങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. മലയിൻകീഴിൽ താമസിച്ചുവരുന്ന ഇവർ കടന്പനാട്ട് 21 സെന്റ് വസ്തു വാങ്ങുകയും ഇതിൽ മൂന്ന് സെന്റ് പാർട്ടിക്കു ദാനം ചെയ്യുകയുമുണ്ടായി.
പാർട്ടിയുടെ വിവിധ സേവന കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമായി. നിർധന കുടുംബത്തിനു പാർട്ടി തന്നെ വീടുവച്ചു നൽകുന്ന പദ്ധതിയിൽ പങ്കാളിയായാണ് സ്ഥലം നൽകിയത്. ജയസൂര്യയെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ സിപിഎം ജില്ലാ നേതാക്കൾ അടക്കം പങ്കെടുത്തിരുന്നു. റിയൽ എസ്റ്റേറ്റ് അടക്കമുള്ള ബിസിനസുകളിൽ ജില്ലയിലെ ചില പ്രമുഖ നേതാക്കൾ ജയസൂര്യയുമായി ഇടപാട് നടത്തിയിട്ടുള്ളതായും പറയുന്നു. ഇവരുടെ പിതാവ് കടന്പനാട്ടെ സിപിഎം പഞ്ചായത്തംഗമാണ്.
ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയിട്ടുള്ളത് പ്രശാന്തിന്റെ സ്വാധീനം ഉപയോഗിച്ചാണ്. പ്രശാന്തിനേക്കാൾ ജയസൂര്യയ്ക്കാണ് കേസിൽ പങ്കുള്ളത്. തട്ടിപ്പു കേസിലെ പ്രധാന പ്രതിയും ജയസൂര്യയാണ്. കെടിഡിസിയുമായി ബന്ധപ്പെട്ട് ഇവർ നൽകിയിട്ടുള്ള നിയമന ഉത്തരവുകളിലും രേഖകളിലും മുദ്രപ്പത്രങ്ങളിലുമെല്ലാം ചെയർമാൻ എം. വിജയകുമാറിന്റെ ഒപ്പും സീലുമുണ്ട്. ഇതു വ്യാജമായി നിർമിച്ചതാണോ കെടിഡിസി ഓഫീസുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ചതാണോയെന്നതും അന്വേഷിച്ചുവരികയാണ്.
ജില്ലാ ജിയോളജിസ്റ്റിന്റെ നിയമനവുമായി ബന്ധപ്പെട്ടു നടന്നിട്ടുള്ള ഇടപാടുകളെ സംബന്ധിച്ച് പാർട്ടിതലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവരാനിരിക്കവേയാണ് ജോലി തട്ടിപ്പ് വിവാദം പാർട്ടിയെ ഉലച്ചിരിക്കുന്നത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ തെരഞ്ഞുപിടിച്ച് പത്തനംതിട്ടയ്ക്കു നിയമിച്ചതിനു പിന്നിൽ ചില സിപിഎം നേതാക്കളുടെ പങ്ക് പുറത്തുവന്നിരുന്നു. ജില്ലയിൽ വ്യാപകമായി മണ്ണ് കടത്ത്, പാറ ഖനനം എന്നിവയ്ക്ക് അനുമതി നേടിയെടുക്കുന്നതിനുവേണ്ടിയാണ് ആരോപണ വിധേയനായ ആളെ ജില്ലാ ജിയോളജിസ്റ്റായി നിയമിച്ചതെന്ന ആക്ഷേപം നിലനിൽക്കുന്നു.
സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങൾ കൂടിയായ നേതാക്കൾ പ്രസിഡന്റായിട്ടുള്ള സഹകരണ ബാങ്കുകളിലടക്കം ഉണ്ടായിട്ടുള്ള അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും മറ്റൊരു തലവേദനയാണ്. കുന്പളാംപൊയ്ക സഹകരണബാങ്കിന്റെ തലച്ചിറ ശാഖയിൽ നടന്ന 4.31 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെതിരെ നടപടിയെടുത്തിരുന്നു.
എന്നാൽ ജീവനക്കാരന്റെ സിപിഎം ബന്ധമടക്കം നേതാക്കൾക്കു പുലിവാലാണ്. ജീവനക്കാരനെ സസ്പെൻഡ് ചെയ്തു പോലീസ് നടപടിയെടുപ്പിച്ച് ഭീമമായ ക്രമക്കേട് അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നാണ് ആരോപണം. റാന്നി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തിനെതിരെ 67 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഉയർന്നിരിക്കുന്നത്. സെക്രട്ടറി പുന്നൂസിനെതിരെയാണ് അന്വേഷണം.