കടുത്തുരുത്തി: കുഞ്ഞിന് മുല കൊടുക്കാനെന്ന പേരിൽ അനുവാദം വാങ്ങി വീടിനുള്ളിൽ പ്രവേശിച്ച സ്ത്രീകൾ 35,000 രൂപ മോഷ്ടിച്ചു കടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി സി ടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചു മോഷ്ടാക്കളെത്തിയ കാറിന്റെ നന്പർ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് കടുത്തുരുത്തി എസ്എച്ച്ഒ കെ.എസ്. ജയനും എസ്ഐ ശ്യാംകുമാറും പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ മാഞ്ഞൂർ സൗത്തിലാണ് സംഭവം ഉണ്ടായത്. ഏറ്റുമാനൂർ-വൈക്കം റോഡിന്റെ സമീപത്തായി താമസിക്കുന്ന കിഴവള്ളിൽ സജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ ഞായറാഴ്ച്ചയായതിനാൽ കടകൾ അടച്ചിട്ടിരുന്നതിനാൽ സിസി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെതന്നെ ഇക്കാര്യങ്ങൾ പരിശോധിക്കാൻ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ചു വീട്ടുകാർ പറയുന്നത് – കുടുംബാംഗങ്ങൾ വീടിന്റെ മുറ്റത്ത് നിൽക്കുന്പോൾ വീടിന് മുന്നിലായി റോഡരികിൽ പ്രവർത്തിക്കുന്ന കടയുടെ സമീപത്ത് വാവിട്ടു കരയുന്ന ഏതാണ്ട് ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി മൂന്ന് സ്ത്രീകൾ നിൽക്കുന്നത് കണ്ടു. ആദ്യം ഇതു ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് കുറേ സമയത്തോളം കുഞ്ഞിന്റെ കരച്ചിൽ നിൽക്കാതിരുന്നതിനെ തുടർന്ന് സജിയുടെ അമ്മ ഏലിയാമ്മ ഇവരുടെ സമീപത്ത് എത്തുകയും കാര്യം ചോദിക്കുകയും ചെയ്തു.
കൊച്ചിയിൽ നിന്നും വരുന്നതാണെന്നും മല്ലപ്പള്ളിയിലേക്കു പോവുകയാണെന്നുമാണ് ഇവർ മറുപടി പറഞ്ഞത്. ഇതോടെ ഇവരോട് വീട്ടിൽ കയറിയിരുന്ന് പാല് കൊടുക്കാൻ ഏലിയാമ്മ പറഞ്ഞു. തുടർന്ന് 45 വയസോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന 28 വയസോളം പ്രായം തോന്നിക്കുന്ന യുവതിയും സിറ്റൗട്ടിലെത്തി കുപ്പിയിൽ പാല് കൊടുത്തു.
ഇതിനിടെ വീണ്ടും കുഞ്ഞ് കരഞ്ഞതോടെ മുലപാൽ കൊടുക്കാൻ ഏതെങ്കിലും മുറിയിൽ ഇരിക്കാൻ സൗകര്യം തരാമോയെന്ന് സ്ത്രീ ഏലിയാമ്മയോട് ചോദിച്ചു. തുടർന്ന് സമീപത്തെ കിടപ്പുമുറി കാണിച്ചു കൊടുക്കുകയും ഇരുവരും കുട്ടിയുമായി മുറിയിൽ കയറി. അൽപസമയം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കരച്ചിൽ നിന്നു. ഈ സമയം യുവതി ചുരിദാറിന്റെ പാന്റിന്റെ വള്ളി അഴിഞ്ഞുപോയെന്നും കെട്ടുന്നതിനായി ബാത്ത് റൂമിൽ കയറിക്കോട്ടെയെന്നും ചോദിച്ചു.
തുടർന്ന് ബാത്ത് റൂമിൽ കയറിയ ശേഷം ഇവർ കുട്ടിയുമായി പെട്ടെന്ന് തന്നെ വീട്ടിൽ ഇറങ്ങി പോവുകയും ചെയ്തു.
പിന്നീട് വീട്ടിൽ പണിക്കായെത്തിയ സമീപവാസിയായ ഷാജി മടങ്ങുന്പോൾ പണം കൊടുക്കുന്നതിനായി റൂമിനുള്ളിൽ കയറി സജി ഭിത്തിയലമാരയിൽ ഇരുന്ന പേഴ്സ് തുറന്നപ്പോളാണ് ഇതിനുള്ളിലുണ്ടായിരുന്ന 35,000 രൂപ നഷ്ടപെട്ടതായി അറിയുന്നത്. ചിട്ടി പിടിച്ച 45,000 രൂപയാണ് മൂന്ന് സെറ്റുകളായി പേഴ്സിനുള്ളിൽ വച്ചിരുന്നതെന്ന് സജി പറഞ്ഞു. രണ്ട് സെറ്റായി ഇരുന്ന 35,000 രൂപയാണ് നഷ്ടപെട്ടത്.
വെള്ള കളറിലുള്ള വാഗണ് ആർ കാറിലാണ് ഇവർ എത്തിയതെന്നും യുവതിക്കൊപ്പമുണ്ടായിരുന്ന 45 വയസോളം തന്നെ പ്രായം തോന്നിക്കുന്ന രണ്ടാമത്തെ സ്ത്രീ ഇവർ വീടിനുള്ളിൽ കയറിയ സമയമത്രയും വീടിന് സമീപം മതിലിന്റെ അരികിലായി നിൽക്കുകയായിരുന്നുവെന്നും സജിയുടെ ഭാര്യ ജെസ്മി പറഞ്ഞു. ഇവരെ കൂടാതെ കാറിൽ ഡ്രൈവറും 50 വയസോളം പ്രായം തോന്നിക്കുന്ന മറ്റൊരാളും ഉണ്ടായിരുന്നു.
ഇയാൾ മൂന്നുതവണ വീട്ടിലെത്തി കുഞ്ഞ് ഉറങ്ങിയോ എന്ന് ചോദിച്ചതായും ജെസ്മി പറഞ്ഞു. പിന്നീട് നന്പ്യാകുളത്തെ പെട്രോൾ പന്പിൽ തിരക്കിയപ്പോൾ ഇവർ വന്ന കാർ ഇതുവഴി 3.18 ഓടെ കോട്ടയം ഭാഗത്തേക്കു കടന്നു പോകുന്നതായി സി സി ടിവി കാമറയിലുണ്ട്. ഇന്നലെ എസ്ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സജിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.