കാഞ്ഞിരപ്പള്ളി: മുണ്ടക്കയത്ത് വ്യാപാരികളെ കബളിപ്പിക്കുന്ന പുതിയ തരത്തിലുള്ള തട്ടിപ്പ്. യുവതിയായ വീട്ടമ്മയും ഇവരുടെ കുഞ്ഞും ഒരു ഓട്ടോക്കാരനുമാണ് തട്ടിപ്പുമായി എത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ബേക്കറി, മധുരപലഹാര കടകൾ, എണ്ണയിൽ വറുത്തു നൽകുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടക്കുന്നത്.
കഴിഞ്ഞ ദിവസം പാലൂർക്കാവ് സ്വദേശിനിയായ വീട്ടമ്മ കൈക്കുഞ്ഞുമായി ഓട്ടോയിൽ ഒരു ബേക്കറിയിൽ എത്തി. ഇവിടെ നിന്നു ലഡു ഉൾപ്പെടെ 50 രൂപയ്ക്ക് താഴെ സാധനങ്ങൾ വാങ്ങി ഓട്ടോയിൽ മടങ്ങി. പിറ്റേന്ന് രാവിലെ 10 ആയപ്പോൾ താങ്കളുടെ കടയിൽ നിന്നു വാങ്ങിയ ലഡു കഴിച്ച തന്റെ കുട്ടിക്ക് ഛർദിയും വയറ്റിളക്കവും ഉണ്ടായെന്നും ആശുപത്രിയിൽ കൊണ്ടു പോയതിന്റെ ഓട്ടോ ചാർജും ചികിത്സാ ചെലവും വേണമെന്ന് കടയുടമയോട് ആവശ്യപ്പെട്ടു.
വിഷയത്തിൽ ഭരണ കക്ഷിയിൽപ്പെട്ടവർ ഇടപെടുകയും പ്രശ്നം രൂക്ഷമാകാതിരിക്കാൻ കടയുടമ 2000രൂപ ഇവർക്ക് നൽകുകയും ചെയ്തു. പിറ്റേന്ന് കടയുടമയ്ക്ക് സാധനങ്ങൾ നൽകിയ ആളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് നൽകുമെന്ന് പറഞ്ഞാണ് ഭീഷണി. മൊത്ത വിതരണക്കാരൻ ഇക്കാര്യം മുണ്ടക്കയത്തുള്ള വ്യാപാരികളോട് പറയുകയും ചെയ്തു. തുടർന്നാണ് ഈ സ്ത്രീ ഇത്തരത്തിൽ പല കടകളിൽ നിന്നും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
മിക്സ്ചറും, റെസ്കും എണ്ണയിൽ വറുത്ത വടയും കഴിച്ചതാണ് രോഗം ഉണ്ടാകാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞുവെന്ന് പറഞ്ഞാണ് ഇവർ ഭീഷണിപ്പെടുത്തുന്നത്. പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതി നൽകാനുള്ള നീക്കത്തിലാണ്. വ്യാപാരികൾ നടത്തിയ അന്വേഷത്തിൽ ഓട്ടോക്കാരനും യുവതിയും പലയിടങ്ങളിൽ നിന്നും ഇത്തരം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിട്ടുണ്ട്.