കണ്ണൂർ: തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഘത്തിൽ ഐഎഎസുകാർക്ക് പുറമെ തമിഴ്നാട്ടിലെ രണ്ട് ജനപ്രതിനിധികളും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്.
ഇതിനിടയിൽ വിവാദ ഇടപാടിൽവാങ്ങിയ ഒരു കോടി രൂപയിൽ 46 ലക്ഷവും തിരിച്ച് നൽകിയതായും ഇനി 19 ലക്ഷം രൂപ മാത്രമേ തിരിച്ച് നൽകാനുള്ളുവെന്നും പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് 46 ലക്ഷം മടക്കി നൽകിയത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചില രേഖകൾ ശരിയാക്കുന്നതിനായി മുപ്പത് ലക്ഷം രൂപ ചിലവായതായും ബാക്കി തുകയാണ് ഇനി തിരിച്ച് നൽകാനുള്ളതെന്നുമാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മുപ്പത് ലക്ഷം കൈപ്പറ്റി രേഖകൾ ശരിയാക്കി നൽകിയത് തമിഴ്നാട്ടിൽ നിന്നുള്ള ജനപ്രതിനിധികളാണെന്നും വിവരമുണ്ട്.
95 ലക്ഷം രൂപയാണ് മൊത്തം വാങ്ങിയതെന്നും സംഭവവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. ഒരു കോടിയുടെ തട്ടിപ്പ് വിവരം പുറത്തു വന്നതോടെ ഇടനിലക്കാരനായി നിന്ന കോൺഗ്രസ് നേതാവിനെതിരെ പാർട്ടിക്കുള്ളിൽ കരുനീക്കങ്ങൾ ശക്തമായി.
കോൺഗ്രസിൽ പുനഃസംഘടന നടക്കാനിരിക്കെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായാണ് ഒരു കോടിയുടെ തട്ടിപ്പ് സംഭവം പുറത്തു വന്നിട്ടുള്ളതെന്നും ഇതിനു പിന്നിൽ ചില സ്ഥാനമോഹികളാണെന്നും ആരോപണ വിധേയനായ നേതാവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
പണം നഷ്ടപ്പെട്ട വ്യവസായ പ്രമുഖൻ ഭരണകക്ഷിയിലെ ഉന്നത നേതാക്കളെ ഉൾപ്പെടെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് പോലീസ് ഇടപെടൽ ശക്തമായതും 46 ലക്ഷം മടക്കി നൽകിയതും.
തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ അധികാരമേൽക്കുന്നതിന് ആറ് മാസം മുമ്പാണ് ഇടപാടുകൾ നടന്നത്.എന്നാൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ അംഗീകാരം നേടാനുള നീക്കം പരാജയപ്പെടുകയായിരുന്നു.്