കൊച്ചി: കൊച്ചി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു. നിരവധി ഓഫറുകളുമായി രംഗത്തിറങ്ങുന്ന സംഘം വ്യാപക തട്ടിപ്പാണ് നടത്തുന്നതെന്നു പോലീസിനു ലഭിച്ച പരാതിയില്‍ വ്യക്തമാകുന്നു.ഇതു സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്.
ഓരോ ദിവസവും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒരു സ്ഥാപനത്തെ പിടിച്ചു കഴിഞ്ഞാല്‍ പേര് മാറ്റി മറ്റൊരു സ്ഥാപനം രംഗത്തു വരുന്ന സ്ഥിതിവിശേഷമാണ് കൊച്ചിയിലുള്ളത്.
മാര്‍ക്കറ്റിംഗ് മണി ചെയിന്‍ തട്ടിപ്പു കേസ് പിടിക്കപ്പെട്ടവരാണ് വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.
തൃശൂര്‍ ആസ്ഥാനമായി പുതിയ കമ്പനി രൂപീകരിച്ചാണ് തട്ടിപ്പെന്ന് ഇഡിക്കും പോലീസിനും നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുപ്രവര്‍ത്തകനും കലൂര്‍ സ്വദേശിയുമായ ജോജോ ജോസഫാണ് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചിയിലെ മാളുകളില്‍ കണ്ടുമുട്ടുന്ന സംഘം പിന്നീട് ഇവിടെനിന്ന് കാക്കനാട് ഭാഗത്തെ ഫ്ളാറ്റിലേക്ക് പോകും. ഇവിടെ രാത്രി തുടങ്ങി പുലര്‍ച്ചെവരെ മീറ്റിംഗുകള്‍ നടക്കും ഇവിടെവച്ചാണ് യുവാക്കളെ വലയിലാക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ നടക്കുക.
വിലകൂടിയ കാറുകളില്‍ വരുന്ന തട്ടിപ്പുകാര്‍, തങ്ങള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തിയാണ് ഈ കാറും മറ്റും വാങ്ങിയതെന്നു കൂടി വ്യക്തമാക്കുന്നതോടെ യുവാക്കള്‍ ചതിയില്‍ വേഗം വീഴും.പണം നിക്ഷേപിച്ചാല്‍ കുറഞ്ഞസമയംകൊണ്ട് കോടികള്‍ സമ്പാദിക്കാമെന്നാണ് തട്ടിപ്പുകാര്‍ നല്കുന്ന വാഗ്ദാനം.
കോവിഡ് സമയത്ത് തൊഴില്‍ നഷ്ടമായ നിരവധി യുവാക്കള്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. ഏതാനും നാളുകള്‍ക്കുമുമ്പു കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘം മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.
രജിസ്ട്രേഷനോ മറ്റു രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയതായി ഡിജിപിക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിപ്പ് പിടിയിലായാല്‍ കമ്പനിയുടെ പേരുമാറ്റി വീണ്ടും തട്ടിപ്പിനിറങ്ങുന്നതാണ് ഇത്തരക്കാരുടെ രീതി.
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ പേരില്‍ തട്ടിപ്പുനടത്തുന്നവര്‍ അവതരിപ്പിക്കുന്നത് ആരും കേള്‍ക്കാത്ത ഓഫറുകള്‍. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും ഇപ്പോഴത്തെ നിരക്കില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാവുന്ന ട്രിപ്പ് സേവറാണ് പ്രധാന ഓഫര്‍.ചേരാന്‍ താത്പര്യമുള്ളവരെ കൊച്ചിയിലെ മാളിലെ കോഫി ഷോപ്പില്‍ വിളിച്ചുവരുത്തും.
ഇവിടെവച്ച് വാഗ്ദാനം വാരിവിതറും. ശേഷം മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതിവാങ്ങും. ഉത്പന്നം വാങ്ങിയെന്നും ഇഷ്ടമായില്ലെങ്കില്‍ റിട്ടേണ്‍ ചെയ്യാമെന്നും പുതിയ ആളെ പരിചയപ്പെടുത്തുമ്പോള്‍ ലാഭവിഹിതം കിട്ടുമെന്നുമാണ് സത്യവാങ്മൂലത്തില്‍ ഉണ്ടാകുക.