കോതമംഗലം: വ്യാപരസ്ഥാപനത്തിന് മുന്നിൽ മനുഷ്യവിസർജ്യം ഇട്ട് ഉടമയുടെ ശ്രദ്ധതിരിച്ച് ഒന്നര ലക്ഷം രൂപയടങ്ങുന്ന ബാഗും മൊബൈൽ ഫോണും കവർന്നു. നഗരത്തിൽ തിരക്കേറിയ കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ എസ്എൻ സ്റ്റോഴ്സ് പലചരക്കു കടയിൽ ഇന്നു രാവിലെയാണ് സംഭവം.
സ്ഥാപന ഉടമ മുരളി കടതുറക്കുവാനായി പതിവ് പോലെ രാവിലെ എത്തിയതായിരുന്നു. അപ്പോഴാണ് കടയുടെ ഷട്ടറുകൾക്ക് ചേർന്ന് തിണ്ണയിൽ മനുഷ്യ വിസർജ്യം ശ്രദ്ധയിൽപ്പെട്ടത്. ഇത് വ്യത്തിയാക്കുന്നതിനായി ബിൽഡിംഗിന് പിന്നിലെ ടോയ്ലറ്റിൽ പോയി ബക്കറ്റിൽ വെള്ളമെടുത്ത് എത്തിയ ഉടമ ശുചീകരണം നടത്തുകയായിരുന്നു ആദ്യം.
ഇതിന് ശേഷം സ്കൂട്ടറിൽ നിന്നും ബാഗും താക്കോലുമെടുത്ത് കടതുറക്കാൻ നോക്കിയപ്പോഴാണ് പണവും മൊബൈലും നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. സ്കൂട്ടറിന്റെ താക്കോൽ ഊരുവാനും തിരക്കിനിടയിൽ ഉടമ മറന്നിരുന്നു. താക്കോൽ ഉപയോഗിച്ച് സ്കൂട്ടറിന്റെ ബോക്സ് തുറന്നാണ് മോഷണം നടത്തിയത്.
ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദ്യശ്യങ്ങളും പരിശോധന നടത്തുന്നതോടെ കൂടുതൽ വ്യക്തതലഭിക്കുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. ദിവസങ്ങളായി പരിസരം കൃത്യമായി വീക്ഷിച്ച് നിന്നാവാം മോഷണം നടത്തിയതെന്നാണ് വിലയിരുത്തൽ. പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.