കോട്ടയം: വസ്തുവിന്റെ ആധാരം പണയം വച്ച് സ്വർണം വാങ്ങി. പണം നല്കാതെ വന്നപ്പോൾ വസ്തു സ്വന്തമാക്കിയെന്ന് പരാതി. വാഴൂർ സ്വദേശി കോടതി മുഖേന നല്കിയ കേസിൽ പള്ളിക്കത്തോട് പോലീസ് തിരുവല്ല സ്വദേശികളായ മൂന്നു പേർക്കെതിരേ കേസെടുത്തു.
പരാതിക്കാരന്റെ ബന്ധു, ഭാര്യ , സ്വർണക്കടക്കാരൻ എന്നിവർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാഴൂർ സ്വദേശിയായ പരാതിക്കാരന്റെ മകളുടെ വിവാഹത്തിന് തിരുവല്ല സ്വദേശിക്ക് ആധാരം പണയം വച്ച് ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങി. പണം നല്കാതെ വന്നതോടെ വസ്തു സ്വന്തമാക്കിയെന്നാണ് പരാതി.
മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു സെന്റ് സ്ഥലം കൈവശപ്പെടുത്തിയെന്നാണ് പരാതി. സ്വർണം വാങ്ങിയ പണം തിരികെ നല്കാത്തതിനാലാണ് വസ്തു കൈവശപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.