കോട്ടയം: പ്രായമായവരെ എങ്ങനെയും കബളിപ്പിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ വാകത്താനത്ത് നടന്നത്. 75 വയസുള്ള വയോധികയെ കബളിപ്പിച്ച് 41000 രൂപയാണ് നിമിഷങ്ങൾക്കകം തട്ടിയെടുത്തത്. ഗൾഫിലുള്ള മകന് എട്ടു ലക്ഷം രൂപ ലോട്ടറിയടിച്ചെന്നാണ് ഒരു വിരുതൻ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് തട്ടിവിട്ടത്.
ആരോടും ഇക്കാര്യം പറയരുത് പരമ രഹസ്യമായിരിക്കണമെന്നും പ്രത്യേകം പറഞ്ഞു. വയോധികയും ഭർത്താവും ചായകുടിച്ചുകൊണ്ടിരിക്കെയാണ് ഫോൺ കോൾ വന്നത്. ഉടനെ വയോധിക പണവുമെടുത്ത് ഭർത്താവിനോടു പോലും പറയാതെ ഓട്ടോറിക്ഷയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞു. വിദേശത്തു നിന്നുള്ള പണം ലഭിക്കുന്നതിന് ഏറെ കടന്പകളുണ്ടെന്നും അതിനാണ് പണമെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്.
റെയിൽവേ സ്റ്റേഷനിൽ വരുന്നയാളുടെ അടയാളവും പറഞ്ഞിരുന്നു. അയാൾ ഒരു കുപ്പിവെള്ളം കൈയ്യിൽ പിടിക്കുമെന്നായിരുന്നു അടയാളം. പിന്നെ ഷർട്ടിന്റെ നിറവും. സ്റ്റേഷനിൽ ഓട്ടോയിറങ്ങിയ വയോധിക വേഗം റെയിൽവേ സ്റ്റേഷനിലേക്ക് കയറി അടയാളം നോക്കി ആളെ കണ്ടുപിടിച്ച് പണം നല്കി. വേഗം തിരികെ വീട്ടിലെത്തി.
ഇതിനിടെ കൊച്ചുമകനോട് മാത്രം വിവരം പറഞ്ഞു. കൊച്ചുമകന് സംശയം തോന്നി വാകത്താനം പോലീസിൽ വിവരം ധരിപ്പിച്ചു. പോലീസ് എത്തുന്നതിനു മുൻപേ വയോധിക പണം നല്കി വീട്ടിലെത്തിയിരുന്നു. ഇതിനിടെ വയോധിക ഗൾഫിലുള്ള മകനെ വിളിച്ച് എപ്പോഴാണ് ലോട്ടറിയുടെ പണം കിട്ടുന്നതെന്ന് ചോദിച്ചപ്പോഴാണ് തട്ടിപ്പ് ശരിക്കും ബോധ്യപ്പെട്ടത്.
എന്തായാലും തട്ടിപ്പുകാരന്റെ ചിത്രം റെയിൽവേ സ്റ്റേഷനിലെ സിസിടിവി കാമറയിൽ നിന്നുള്ളത് പോലീസിന് ലഭിച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടും ധരിച്ച തട്ടിപ്പുകാരനെ ഉടനെ കുടുക്കാൻ കഴിഞ്ഞേക്കുമെന്നാണ് പോലീസ് നിഗമനം.