കോട്ടയം: കോട്ടയത്ത് വിലസുന്ന തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന കൊച്ചിയിലെ അങ്കിളിനെ തേടി പോലീസ് രംഗത്തിറങ്ങി.കോട്ടയം ജില്ലയിൽ നിരവധി യുവാക്കൾക്കു വിവാഹ വാഗ്ദാനം നല്കിയാണ് ഇവർ പണം തട്ടിയെടുത്തിരിക്കുന്നത്.
കോട്ടയത്ത് സംഘത്തെ നിയന്ത്രിക്കുന്നത് ഒരു സ്ത്രീയാണ്. ഇവരുടെ പേരിൽ ജില്ലയിൽ നിരവധി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിൽ ഒരു സ്റ്റേഷനിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവാഗ വാഗ്ദാന തട്ടിപ്പിനു പുറമേ മറ്റു തട്ടിപ്പുകളും നടത്തിയിട്ടുള്ളതായാണ് സൂചന. കോട്ടയം താഴത്തങ്ങാടിയിൽ വാടകയ്ക്കു താമസിച്ചു സാന്പത്തിക തട്ടിപ്പ് നടത്തിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സ്ത്രീയുടെ അഡ്രസ് കൃത്യമല്ലാത്തതാണ് അന്വേഷണത്തിനു വിലങ്ങുതടിയായിരിക്കുന്നത്. പല സ്ഥലങ്ങളിലും വ്യത്യസ്മായ പേരും അഡ്രസുമാണ് ഇവർ നല്കിയിരിക്കുന്നത്.
കൊച്ചിയിലിരുന്ന സംഘത്തെ നിയന്ത്രിക്കുന്ന അങ്കിളിനു ഓരോ ജില്ലകളിലും വേണ്ടപ്പെട്ടവരുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മിക്ക ജില്ലയിലും ഇത്തരം തട്ടിപ്പ് നടത്താൻ അങ്കിളിനു കൂട്ടായുള്ളതു സ്ത്രീകളാണ്.
കോട്ടയം, എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില ഗുണ്ടാ സംഘങ്ങളുമായും അങ്കിളിനു അടുത്ത ബന്ധമുണ്ട്. ചിലരിൽ നിന്നും പണം വാങ്ങിയെടുക്കാനായി അങ്കിളിനെ സഹായിക്കുന്നതു ഗുണ്ടാ സംഘങ്ങളാണ്.
സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് സ്്ത്രീകൾ പുരുഷൻമാരുമായി അടുക്കുന്നത്. തുടർന്നു മറ്റു ബന്ധുക്കളില്ലെന്നും സാന്പത്തികമായി വളരെ ഉന്നത നിലയിലാണെന്നും പറഞ്ഞാണു യുവാക്കളെ സ്ത്രീകൾ ആകർഷിപ്പിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം ഉണ്ടെന്നും വ്യക്തമാക്കുന്നു. കൂടുതൽ അടുത്തു കഴിയുന്പോൾ വിവാഹത്തിനു നിർബന്ധിപ്പിക്കും. പിന്നീട് പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ വിവാഹത്തിൽനിന്നു പിൻമാറുകയും പീഡനത്തിനു പോലീസിൽ പരാതി നൽകുമെന്നും സ്ത്രീകൾ ഭീഷണിപ്പെടുത്തുകയാണു ചെയ്യുന്നത്.
ഇത്തരത്തിൽ പണം നല്കാൻ വിസമ്മതിക്കുന്നവരുടെ വിവരങ്ങൾ അങ്കിളിനു കൈമാറും. തുടർന്നാണ് അങ്കിൾ ഗുണ്ടാ സംഘങ്ങളെ പണം വാങ്ങാൻ എല്പിക്കുന്നത്.
വാങ്ങുന്ന പണത്തിന്റെ നിശ്ചിത ശതമാനമാണ് ഗുണ്ടാ സംഘത്തിനു ലഭിക്കുന്നത്. പോലീസിലും രാഷ്്ട്രീയത്തിലും സ്വാധീനമുള്ള ചിലരുമായും ഇവർക്കു അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു.