കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് രോഗികളിൽ നിന്ന് പണം വാങ്ങിയ വിരുതനെതിരേ പരാതി. ഡോക്ടറാണെന്നു തെറ്റിദ്ധരിപ്പിച്ച് ശസ്ത്രക്രിയ വേഗം നടത്തുന്നതിന് കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
കിടങ്ങൂർ സ്വദേശി മാത്യു ജോസ് എന്നയാളിൽനിന്ന് രണ്ടു തവണയായി 78,000 രൂപയും കിടങ്ങൂർ സ്വദേശി അശ്വിൻ എന്നയാളുടെ പക്കൽ നിന്ന് 25,000 രൂപയും വാങ്ങിയെന്നുള്ള രണ്ടു പരാതികളാണ് പോലീസിന് നല്കിയത്. കിടങ്ങൂർ സ്വദേശി റിജേഷി (32) നെതിരേയാണ് ഇരുവരുടെയും പരാതി.
ഇയാൾ രോഗം ബാധിച്ച് കോട്ടയത്തിനടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് രക്ഷപ്പെടാതിരിക്കാൻ പോലീസ് അവിടേക്ക് പോയിട്ടുണ്ട്. മാത്യു ജോസ് നല്കിയ പരാതിയിൽ പറയുന്നതിങ്ങനെ: മെഡിക്കൽ കോളജിൽ ഒരു ബന്ധുവിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വച്ചാണ് റിജേഷിനെ പരിചയപ്പെട്ടത്.
ഡോക്ടറാണെന്നു പറഞ്ഞായിരുന്നു പരിചയപ്പെടൽ. ഓപ്പറേഷന് അഞ്ചു ലക്ഷം ചെലവാകുമെന്നും അത്രയും പണം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാൽ പ്രാധനമന്ത്രിയുടെ പേരിലുള്ള ഇൻഷ്വറൻസ് എടുത്താൽ സൗജന്യമായി നടത്താൻ കഴിയുമെന്നും മാത്യു ജോസിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇൻഷ്വറൻസ് പ്രീമിയം തുകയ്ക്കായി 60,000 രൂപ റിജ്ഷ്േ വാങ്ങി. ഒരു മാസം കഴിഞ്ഞിട്ടും ഇൻഷ്വറൻസ് പോളിസി കിട്ടാതായപ്പോൾ വീണ്ടും 18,000 രൂപ കൂടി അടയ്ക്കണമെന്ന് റിജേഷ് ആവശ്യപ്പെട്ടു. അതും അടച്ചു. പിന്നീടാണ് ഇത് തട്ടിപ്പാണെന്നും ഇയാൾ ഡോക്ടറല്ലെന്നുമുള്ള വിവരം മനസിലാക്കി പോലീസിൽ പരാതി നല്കിയത്.
അശ്വിൻ തട്ടിപ്പിന് വിധേയനായത് ഇന്നലെയാണ്. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ ചികിത്സതേടി എത്തിയ അശ്വിനെ റിജേഷ് വലയിൽ വീഴ്ത്തി. പെട്ടെന്ന് ഓപ്പറേഷൻ നടത്തി തരാമെന്നു പറഞ്ഞ് 25,000 രൂപയാണ് തട്ടിയത്. പിന്നീട് ഓർത്തോ വിഭാഗം മേധാവിയുമായി അശ്വിൻ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം ബോധ്യപ്പെട്ടത്. ഓർത്തോ വിഭാഗം മേധാവിയും തട്ടിപ്പുകാരനെ അന്വേഷിച്ചു വരികയായിരുന്നു. മാത്യു ജോസ് ഏറ്റുമാനൂരിലും അശ്വിൻ ഗാന്ധിനഗർ സ്റ്റേഷനിലുമാണ് പരാതി നല്കിയത്.