ത്രലശേരി: തലശേരി മല്സ്യവ്യവസായി പി.പി.എം. മജീദിന്റെ സെയ്ദാര്‍ പള്ളിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായി. എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ എം.പി ആസാദ്, പ്രിന്‍സിപ്പല്‍ എസ്ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയത്.
30 ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്ഐ അനില്‍ രാഷ്ട്രദീപികയോട് പറഞ്ഞു. കൊള്ളസംഘം ഉപയോഗിച്ച ഇന്നോവ കാറും ബെലേനൊ കാറും കത്തിക്കരിഞ്ഞ പോലീസ് യൂണിഫോമിന്റെ അവശിഷ്ടങ്ങളുമുള്പ്പെടെയുള്ള നിരവധി തൊണ്ടി മുതലുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അന്തര്‍ സംസ്ഥാന കൊള്ള സംഘം ആസൂത്രിതമായി നടത്തിയ തട്ടിപ്പു കേസില്‍ റെക്കോര്‍ഡ് വേഗതയിലാണ് തലശേരി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ പ്രതികളെ പിടികൂടിയ പോലീസ് രണ്ടര മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്.
മലപ്പുറം വള്ളുവമ്പ്രം വേലിക്കോട്ട് ലത്തീഫ് (42), തൃശൂര്‍ കനകമലയിലെ പള്ളത്തീല്‍ വീട്ടില്‍ ദീപു (32), കൊടകരയിലെ സഹോദരങ്ങളായ ആല്ബിന് എന്ന അബി (35), ഷിജു (33), തൃശൂര്കൊടകര പനപ്ലാവില്‍ വീട്ടില്‍ ബിനു (36), രജീഷ് എന്ന ചന്തു (32), ധര്‍മടം ചിറക്കുനിയിലെ നൗഫല്‍ (36). തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ നെല്ലായ് മുരുകന് എന്ന ശങ്കര്‍നാരായണന്‍ (64), അറുമുഖപാണ്ടി (45) എന്നിവരാണ് ഈ കേസില്‍ അറസ്റ്റിലായത്.
മധുര ജയിലില്‍ റിമാൻഡിൽ കഴിഞ്ഞ മുരുകനേയും അറുമുഖ പാണ്ടിയേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തലശേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊള്ളസംഘത്തിലെ ഒരാള്‍ തമിഴ് കലര്‍ന്ന മലയാളം സംസാരിച്ചിരുന്നുവെന്ന മൊഴിയെ പിടിവള്ളിയാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന കൊള്ള സംഘം വലയിലായത്.