കണ്ണൂർ: ബേക്കറി ഉടമയിൽനിന്നും കുടുംബസുഹൃത്തായ ഓട്ടോ ഡ്രൈവറിൽനിന്നും 20 ലക്ഷം രൂപ വീതം കടംവാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.
പൊന്ന്യം കുണ്ടുചിറ ഓംകാരത്തിൽ ദീപയ്ക്കെതിരെയാണ് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം ന്യൂമാഹി, തലശേരി പോലീസ് കേസുകളെടുത്തത്.
മൈസൂരുവിൽ ബേക്കറി നടത്തുന്ന വയലളം സ്വദേശി ടി.കെ. വികാസ്, ടെന്പിൾ ഗേറ്റ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ടി. ജനീഷ് എന്നിവരുടെ പരാതിയിലാണ് നടപടി.
വികാസിന്റെ പരാതിയിൽ ന്യൂമാഹി പോലീസും ജനീഷിന്റെ പരാതിയിൽ തലശേരി പോലീസുമാണ് യുവതിക്കെതിരേ വിശ്വാസ വഞ്ചന, തട്ടിപ്പ് എന്നിവയ്ക്ക് കേസെടുത്തത്.
തന്റെ സഹോദരിക്ക് അധ്യാപികയായി ചേരാൻ വേണ്ടിയാണെന്നും ആറു മാസത്തിനുള്ളിൽ തിരിച്ചു നൽകുമെന്ന ഉറപ്പിലാണ് 20 ലക്ഷം വാങ്ങിയതെന്ന് വികാസ് നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട് പലതവണ പണം തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും കേസ് നൽകുമെന്ന് പറഞ്ഞപ്പോൾ കടം കൊടുത്ത പണത്തിന് ഉപയോഗത്തിലില്ലാത്ത ബാങ്ക് ചെക്ക് നൽകിയെന്നും പറയുന്നു.
വീടും സ്ഥലവും ജപ്തി ഭീഷണിയിലാണെന്നും ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലെന്നും പറഞ്ഞ് തന്നെ സമീപിച്ചതിനെ തുടർന്നാണ് കുടുംബസുഹൃത്തും നേരത്തെ അയൽക്കാരിയുമായിരുന്ന യുവതിയെ 20 ലക്ഷം രൂപ നൽകി സഹായിച്ചതെന്നാണ് ജനീഷിന്റെ പരാതി.
പണം തിരിച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ ഉപയോഗത്തിലില്ലാത്ത ചെക്കാണത്രെ നൽകിയത്. അഡ്വ. വിനോദ് കുമാർ ചന്പളോൻ മുഖേനയാണ് കോടതിയിൽ പരാതി സമർപ്പിച്ചത്.