വടകര: സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വടകര മണിയൂർ സ്വദേശിക്കെതിരെ ബഹ്റൈൻ പൗരന്റെ പരാതി. വ്യവസായിയായ ബഹ്റൈൻകാരനെ മണിയൂർ സ്വദേശിയായ യുവാവ് വഞ്ചിച്ച് 47,000 ദിനാറുമായി മുങ്ങിയതായാണ് പരാതി. ബഹ്റൈനിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസർ മുഹമ്മദ് ഖന്പർ എന്നയാൾ ബഹ്റൈൻ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ പർച്ചേസ് മാനേജരായി ജോലി ചെയ്തിരുന്ന മലയാളിയെ സ്വന്തം സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളതെന്നും താൻ ചതിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും ബഹറിൻ പൗരൻ പറയുന്നു. അപ്പോഴേക്കും മണിയൂർ സ്വദേശി നാട്ടിലേക്കു കടന്നുകളഞ്ഞിരുന്നു.
2016-ലാണ് യാസർ ഈസാ ടൗണിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. മണിയൂർകാരനാണ് ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. പിന്നീട് മനാമയിൽ ഇതിന്റെ ഒരു ബ്രാഞ്ചും തുടങ്ങിയി. യാസർ ഒപ്പിട്ട പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകിയായിരുന്നു ഈ സ്ഥാപനങ്ങളിലേക്കുള്ള മെറ്റീരിയലുകൾ വാങ്ങിയിരുന്നത്.
ആദ്യമൂന്നു വർഷം കച്ചവടം നന്നായി മുന്നോട്ടു പോയിരുന്നു. എന്നാൽ പിന്നീട് ഒരിക്കൽ താൻ ഒപ്പിട്ടുനൽകിയ ഒരു ചെക്ക് ബാങ്കിൽനിന്നു മടങ്ങിയതിനെ തുടർന്ന് ഒപ്പിട്ട ചെക്കുകളടക്കം എല്ലാ ചെക്കു ബുക്കുകളും തിരിച്ചേൽപ്പിക്കാൻ യാസർ മണിയൂർകാരനോടു പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ മെയ് മാസത്തിൽ ഇയാൾ നാട്ടിലേക്കു മുങ്ങുകയായിരുന്നു. താൻ ഒപ്പിട്ടു നൽകിയ 47,000 ദിനാറിന്റെ ചെക്കുകൾ നൽകി വിവിധ സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങി ചുരുങ്ങിയ വിലയിൽ വിറ്റ് ആ തുകയുമായാണ് ഇയാൾ മുങ്ങിയത്. കൂടാതെ കടയിലുള്ള നിരവധി വിലപിടിപ്പുള്ള മെറ്റീരിയലുകളും ഇയാൾ വിറ്റഴിച്ചിരുന്നു. പിന്നീട് കേരളത്തിലുള്ള സുഹൃത്തുക്കൾ വഴി ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ നാട്ടിലില്ലെന്ന വിവരമാണ് ലഭിച്ചത്.
ഇയാളുടെ ബന്ധു തന്നെ ഭീഷണിപ്പെടുത്തിയതായും ഇതേ തുടർന്നാണ് താൻ ബഹ്റൈൻ പോലീസിൽ പരാതിപ്പെട്ടതെന്നും യാസർ വ്യക്തമാക്കി. ഇന്ത്യക്കാരായ നിരവധി പേരുടെ ബിസിനസിൽ പങ്കാളിയായും ഉടമയായും യാസറിനെ ആശ്രയിച്ച് നിരവധി പ്രവാസികളാണ് ജോലി ചെയ്തുവരുന്നത്.
അദ്ദേഹത്തോട് ചതി ചെയ്തതിലൂടെ ബഹറിൻ മലയാളികളുടെ മൊത്തം വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കന്നതെന്ന് ഈ സംഭവത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകൻ ചെന്പൻ ജലാൽ പറഞ്ഞു.