മല്ലപ്പള്ളി: ജോലിചെയ്തു വന്ന ധനകാര്യസ്ഥാപനത്തില്‍ അതിവിദഗ്ധമായി സാന്പത്തിക തട്ടിപ്പ് നടത്തിവന്ന യുവതിയുടെ ഇടപാടുകള്‍ സംബന്ധിച്ച ദുരൂഹത നീക്കുന്നതിനായി വിശദമായ അന്വേഷണത്തിനു പോലീസ്.
കുറ്റപത്രം തയാറാക്കുന്നതിനു മുമ്പായി പഴുതടച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
മല്ലപ്പള്ളിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ആനിക്കാട് വായ്പൂര് പാറയില്‍ അരുണ്‍ സദനത്തില്‍ അരുണിന്റെ ഭാര്യ എന്‍.എം. നീതുമോള്‍ (32), ഇവരുടെ സുഹൃത്ത് കോട്ടാങ്ങല്‍ വായ്പൂര് ജോണിപ്പടി മഞ്ഞള്ളൂര്‍ കുന്നേല്‍ മനു (32) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
ധനകാര്യസ്ഥാപനത്തില്‍നിന്നു സ്വന്തം പേരിലും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വര്‍ണം പണയം വച്ച് 12,31,000 രൂപ കൈവശപ്പെടുത്തിയെന്നും സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ അറിയാതെ ലോക്കര്‍ തുറന്ന് മുക്കുപണ്ടങ്ങള്‍ വച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കവർന്നെന്നുമാണ് കേസ്.
മനുവിന് കേസില്‍ നേരിട്ട് ബന്ധമില്ലെങ്കിലും നീതുമോള്‍ നടത്തിയിട്ടുള്ള തട്ടിപ്പ് ഇയാളുടെ അറിവോടെയാണെന്നും വിഹിതം കൈപ്പറ്റിയെന്നുമാണ് പോലീസ് പറയുന്നത്.
യുവതി കവര്‍ന്ന പണയ ഉരുപ്പടികൾ കണ്ടെടുത്തു. താന്‍ നടത്തിയ തട്ടിപ്പുകള്‍ സ്ഥാപന ഉടമ അറിഞ്ഞപ്പോള്‍, യുവതി കുറ്റസമ്മതം നടത്തിയതായും 2021 ഡിസംബര്‍ 10 നുമുമ്പ് തവണകളായി, തട്ടിച്ചെടുത്ത പണവും പലിശയും തിരിച്ചടയ്ക്കാമെന്നു സമ്മതിച്ച് 50 രൂപ മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തി.
മല്ലപ്പള്ളിയിലെ ഒരു ഗോള്‍ഡ് കവറിംഗ് ഷോപ്പില്‍നിന്നാണ് യുവതി മുക്കുപണ്ടങ്ങള്‍ വാങ്ങിയത്.
ഇവ ലോക്കറില്‍ വച്ചിട്ട് അവിടെ പലരുടെയും പണയ ഉരുപ്പടികളായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. യുവതി നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും തട്ടിപ്പുകള്‍ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കൂട്ടാളിക്കെതിരേ പീഡനത്തിനും കേസ്
സാന്പത്തിക തട്ടിപ്പുകേസില്‍ കുടുങ്ങിയ യുവതി കുറ്റകൃത്യത്തില്‍ തന്റെ കൂട്ടാളിയായിരുന്ന മനുവിനെതിരേ പീഡനത്തിനു നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരേ മൊഴിനല്‍കി ബലാല്‍സംഗത്തിനും നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിച്ചതിനും മറ്റും കേസെടുപ്പിച്ചിരുന്നു.
അതിന്റെ അന്വേഷണം നടന്നുവരികയാണ്. ഇവര്‍ തമ്മിലുള്ള സൗഹൃദം തെറ്റിപ്പിരിഞ്ഞതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചതെന്നു പറയുന്നു.
കേസ് റദ്ദ് ചെയ്യുന്നതിന് മനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെതുടര്‍ന്ന് അറസ്റ്റ്നടപടികള് തത്കാലം നിര്‍ത്തിവയ്ക്കാന്‍ കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു.