മഞ്ചേരി: തമിഴ് നടന്റെ പേരിൽ സഹായ വാഗ്ദാനം നൽകി സാന്പത്തിക തട്ടിപ്പു നടത്തിയ മധ്യവയസ്ക്കനെ മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കൊട്ടാരക്കര മാമൂട്ടിൽ ഷൈജു (47)വാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പാവപ്പെട്ട കുടുംബങ്ങൾക്ക് വീടു നിർമിക്കാൻ തമിഴ് നടൻ 25 ലക്ഷം രൂപ നൽകുന്നുണ്ടെന്നു വിശ്വസിപ്പിച്ച് നാലു കുടുംബങ്ങളിൽ നിന്നു 20,000 രൂപ വീതം ഇയാൾ തട്ടിയെടുക്കുകയായിരുന്നു.
മഞ്ചേരി പുല്ലഞ്ചേരി സ്വദേശികൾക്കാണ് പണം നഷ്ടപ്പെട്ടത്. ആറു വർഷമായി മലപ്പുറത്തു താമസിക്കുന്ന ഷൈജു തട്ടിപ്പിനിരയായവരെ മഞ്ചേരിയിലേക്കു വിളിച്ചുവരുത്തി കോടതി പരിസരത്തു നിർത്തിയ ശേഷം രേഖകൾ ശരിയാക്കാനെന്ന പേരിലാണ് പണം വാങ്ങിയത്. പിന്നീട് മുദ്ര കടലാസുകൾ വാങ്ങാനെന്ന വ്യാജേന പണവുമായി മുങ്ങുകയായിരുന്നു. മൊബൈൽ ഫോണിൽ ഇയാളുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ് കുടുംബങ്ങൾ തട്ടിപ്പു മനസിലാക്കി പോലീസിൽ പരാതി നൽകിയത്.
സംസ്ഥാനത്ത് മറ്റു ജില്ലകളിലും ഇയാൾ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് സിഐ എൻ.ബി ഷൈജു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐയുടെ നേതൃത്വത്തിൽ എസ്ഐ റിയാസ് ചാക്കീരി, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, സലിം, സജയൻ, ഉണ്ണികൃഷ്ണൻ മാരാത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.