ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ പ്ലാൻ ഫണ്ടിൽപ്പെടുത്തി വാർഡുകളിലെ തോടുകൾ നവീകരിക്കുന്നതിനായി നടത്തിയ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന് ആക്ഷേപം. പദ്ധതിപ്രകാരം വാർഡ് ഒന്നിന് ഒരു ലക്ഷം വീതമാണ് അനുവദിച്ചിരുന്നെങ്കിലും പല വാർഡുകളിലും ഇതിന്റെ പത്തിലൊന്ന് മാത്രം ചിലവഴിച്ച് പണം പൂർണമായും ചിലവാക്കിയതായുള്ള വ്യാജ വൗച്ചറുകളും ബില്ലുകളും ഹാജരാക്കി തുക മാറിയെടുത്തെന്നാണ് ആക്ഷേപം.
നഗരത്തിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വാർഡുകളിലൊന്നിലെ തോടുകൾ വൃത്തിയാക്കുന്നതിന് 10,000 രൂപയാണ് ചിലവഴിച്ചത്. പള്ളാത്തുരുത്തിയിൽ നിന്നുള്ള തൊഴിലാളികളാണ് തോട് വൃത്തിയാക്കുന്നതിന് നിയോഗിക്കപ്പെട്ടിരുന്നത്. ഇവർക്കുള്ള വേതനമായി 10,000 രൂപ നൽകിയശേഷം ഒരു ലക്ഷത്തിന്റെ വൗച്ചറാണ് ഒപ്പിടീച്ച് വാങ്ങിയത്.
മഴക്കാലത്ത് വെള്ളപ്പൊക്കമടക്കമുള്ള പ്രശ്നങ്ങളുണ്ടാകാതിരിക്കുന്നതിനും പകർച്ച വ്യാധി ഭീഷണി ഒഴിവാക്കുന്നതിനുമായാണ് നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് വാർഡുകളിലെ തോടുകൾ വൃത്തിയാക്കാൻ പദ്ധതി തയാറാക്കിയത്. ബെനിഫിഷറി കമ്മറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തണമെന്നും നടത്തിയ പ്രവർത്തനങ്ങൾ മെഷർ ചെയ്യുകയും ഇത് ചെക്കുമെഷർ ചെയ്ത് മോണിറ്ററിംഗ് കമ്മറ്റി പരിശോധിച്ച് ഉദ്യോഗസ്ഥർക്ക് നൽകി ബില്ല് പാസാക്കണമെന്നതാണ് നിയമമെങ്കിലും പല വാർഡുകളിലും ശുചീകരണം നടത്തിയതായി വ്യാജ ബില്ലുകളും വൗച്ചറുകളുമുണ്ടാക്കി സാന്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിൽ നഗരസഭയിൽ സമർപ്പിക്കുകയായിരുന്നു.
കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ടപ്പോൾ ഇതു സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ഉണ്ടായതുമില്ല. ശുചീകരണത്തിൽ ഒരു വിഭാഗം കാട്ടിയ അഴിമതി നഗരസഭയ്ക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ബനിഫിഷറി കമ്മറ്റി രൂപീകരിക്കുന്നതിലും ക്രമക്കേടുകൾ നടന്നതായ ആക്ഷേപമുണ്ട്.
നഗരസഭയിലെ ഒരു വാർഡിൽ കൗണ്‍സിലർ ഭർത്താവിനെയാണ് കമ്മറ്റിയുടെ ചെയർമാനാക്കിയത്. ഈ കമ്മറ്റി നേതൃത്വത്തിൽ വാർഡിൽ തോടു ശുചീകരണം നടത്തിയെന്നാണ് രേഖയെങ്കിലും ജനങ്ങൾക്കിടയിൽ വ്യാപക പരാതിയാണുള്ളത്.
ഇതിനോടകം പദ്ധതി നടത്തിപ്പിലെ അഴിമതി സംബന്ധിച്ച് വിജിലൻസിന് ഇത് സംബന്ധിച്ച് ഒന്നിലധികം പരാതികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ എൻആർഎച്ച്എമ്മിൽ നിന്നും ലഭിക്കുന്ന 10,000 രൂപ ഉപയോഗിച്ചാണ് വാർഡുകളിൽ ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നത് കണക്കിലെടുക്കുന്പോഴാണ് പദ്ധതി നടത്തിപ്പിൽ വ്യാപക അഴിമതി നടന്നതായി ആക്ഷേപമുയരാൻ കാരണം.