സ്വന്തം ലേഖകൻ
തൃശൂർ: ബാങ്കിൽനിന്നാണെന്ന വ്യാജേന മൊബൈൽ ഫോണുകളിലേക്കു സന്ദേശം അയച്ച് പണം തട്ടിയെടുക്കുന്നു. തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗമാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നൽകുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നാണെന്ന വ്യാജേനയാണ് സന്ദേശങ്ങൾ എത്തുന്നത്. ഇടപാടുകാരുടെ എസ്ബിഐ യോനോ ആപ്ലിക്കേഷൻ സർവീസ് തടസപ്പെട്ടിരിക്കുകയാണെന്നും അപ്ഡേറ്റ് ചെയ്തു പുനരാരംഭിക്കാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം.
സന്ദേശം ശരിയാണെന്നു ധരിച്ച് ലിങ്കിൽ ക്ലിക്കു ചെയ്ത് വിവരങ്ങൾ നൽകിയവർക്ക് അക്കൗണ്ടിലെ പണം നഷ്ടമായെന്ന് പോലീസ് വെളിപ്പെടുത്തുന്നു.യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബാങ്കിന്റേതെന്നു തോന്നുന്ന വെബ് സൈറ്റിലേക്കാണു പ്രവേശിക്കുന്നത്.
അവിടെ യൂസർനെയിം, പാസ്വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നു. ബാങ്കിന്റെ യഥാർത്ഥ വെബ് സൈറ്റ് ആണെന്നു തെറ്റിദ്ധരിച്ച് ഉപഭോക്താവ് വിവരങ്ങൾ നൽകുകയും ചെയ്യും.
യഥാർഥത്തിൽ തട്ടിപ്പു സംഘത്തിന്റെ വ്യാജ വെബ് സൈറ്റിലേക്കു പാസ്വേർഡ് അടക്കമുള്ള വിവരങ്ങൾ ചോരുകയാണു ചെയ്യുന്നത്. ഒടിപികൂടി ചോരുന്നതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.
ഇത്തരത്തിൽ അനവധി പരാതികളാണ് ബാങ്കിലും പോലീസിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സൈബർ സെൽ വ്യക്തമാക്കി.
മുന്നറിയിപ്പ്
എസ്ബിഐ ബാങ്കിൽ നിന്നാണെന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നന്പറുകളിൽനിന്നു വരുന്ന എസ്എംഎസ് സന്ദേശങ്ങളിൽ വിശ്വസിക്കരുത്.
വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. ബാങ്കിംഗ് ഇടപാടുകൾക്കുള്ള വെബ് സൈറ്റിന്റെ യുആർഎൽ ശ്രദ്ധിക്കുക.
കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തുക. ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് സംശയം ദൂരീകരിക്കുക.