മുണ്ടക്കയം: സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി നൽകാമെന്നു പറഞ്ഞു മുണ്ടക്കയത്ത് വൻ തട്ടിപ്പ്.മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ വനിതയുടെ നേതൃത്വത്തിലാണ് വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി ആരോപണമുള്ളത്.
വീട്ടമ്മമാരും ചെറുകിട വ്യാപാരികളുമാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. പണം നഷ്ടപ്പെട്ടവര്‍ മാനഹാനി ഭയന്നു പുറംലോകത്തെ അറിയിക്കാത്തതാണ് ഇവർക്കു വളമാകുന്നത്.
എടത്വ, പത്തനാപുരം, പത്തനംതിട്ട, അടൂര്‍, മുണ്ടക്കയം, കോരുത്തോട് എന്നിവിടങ്ങളില്‍ നിരവധിപേര്‍ തട്ടിപ്പിനിരയായതായാണ് സൂചന.
നിരവധി പരാതികൾ
മുണ്ടക്കയം പോലീസില്‍ തട്ടിപ്പു നടത്തിയ സ്ത്രീക്കെതിരെ നിരവധി പരാതികള്‍ എത്തിക്കഴിഞ്ഞു. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പുകാരി ആളുകളെ സമീപിക്കുന്നത്.
വായ്പ ആവശ്യക്കാരനാണെന്നറിഞ്ഞാല് വായ്പ സംഘടിപ്പിക്കാൻ ചെലവിനായി പണം ആവശ്യമുണ്ടെന്നു പറഞ്ഞ് ആയിരം മുതല്‍ ലക്ഷം രൂപവരെ ഇവര്‍ പലതവണകളായി വാങ്ങിയെടുക്കുകയാണ് പതിവ്.
ചിലര്‍ക്കു വായ്പ സംബന്ധിച്ചു വ്യാജ എഗ്രിമെന്റ് തയാറാക്കി പകര്‍പ്പു നല്‍കാറുണ്ട്. എഗ്രിമെന്റില്‍ ട്രൈബല്‍ ഓഫീസര്‍ എന്ന പേരില്‍ സാക്ഷിയായി ഒപ്പുവച്ചാണ് നല്‍കുന്നത്.
എന്നാല്‍, ഇത്തരം ഒരു ട്രൈബല്‍ ഓഫീസര്‍ കാഞ്ഞിരപ്പളളി ഓഫീസില്‍ ജോലി ചെയ്തിട്ടുപോലുമില്ലെന്നു തട്ടിപ്പിനിരയായവര്‍ പറയുന്നു.
ഞങ്ങളറിഞ്ഞില്ല
ഇക്കാര്യങ്ങൾ ട്രൈബല്‍ ഓഫീസില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മുണ്ടക്കയത്തെ ഒരു ആധാരം എഴുത്തുകാരനെ കൊണ്ടാണ് ഈ വ്യാജ എഗ്രിമെന്റ് തയാറാക്കിയിരിക്കുന്നത്.
എന്നാല്‍, എഗ്രിമെന്റ് വ്യാജമാണെന്നു തനിക്കറിയില്ലെന്നാണ് ആധാരം എഴുത്തുകാരന് പറയുന്നത്.പുലിക്കുന്നിലെ ഒരു വീട്ടമ്മയില്‍നിന്നു പതിനഞ്ചു ലക്ഷം രൂപ വായ്പ സംഘടിപ്പിക്കാമെന്നു പറഞ്ഞ് നാലു ലക്ഷം രൂപ കൈക്കലാക്കിയതായി മുണ്ടക്കയം പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
മറ്റൊരു വീട്ടമ്മയില്‍നിന്നു 9,000 രൂപയും ഒരു പവന് സ്വര്‍ണവും വാങ്ങിയെടുത്തു. കൂടാതെ മുണ്ടക്കയത്തെ ഒരു സ്വാശ്രയ സംഘത്തിലെ നിരവധി പേരോടും പണം വാങ്ങിയിട്ടുണ്ട്.
വിവാഹ സഹായം
പെണ്‍കുട്ടിയുടെ വിവാഹത്തിനു സഹായിക്കാമെന്നു പറഞ്ഞെത്തി മുണ്ടക്കയം ടൗണിലെ ഒരു തൊഴിലാളിയോടു കൈക്കലാക്കിയത് 9000 ഓളം രൂപയാണ്.
ടൗണിലെ ഒരു പ്രധാന വ്യാപാര സ്ഥാപനത്തിലെത്തി സ്ഥാപനത്തിലെ ജീവനക്കാരനോടു പലതവണയായി 45,000ൽ അധികം രൂപ വാങ്ങിയെടുത്തു.
പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ ഇവര്‍ തയാറായില്ല. പണമിടപാട് കാര്യങ്ങള്‍ക്കു പോലീസിന് ഇടപെടാൻ അവകാശമില്ലെന്നാണ് ഇവരുടെ ഭാഷ്യം.
നിർബന്ധത്താൽ ഒടുവില്‍ ഹാജരായെങ്കിലും പണം തിരികെ നല്‍കാമെന്നു പറഞ്ഞ ദിവസങ്ങളെല്ലാം കടന്നുപോയെങ്കിലും വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ല.
തങ്ങളുടെ പണം തിരികെ ലഭിക്കാനായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് തട്ടിപ്പിനിരയായവർ.