കുറവിലങ്ങാട്: വേളാങ്കണ്ണിയ്ക്ക് നേർച്ച നൽകാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 13 പവൻ സ്വർണാഭരണങ്ങൾ തട്ടി. കഴിഞ്ഞ ദിവസം ഉഴവൂരിലാണ് സംഭവം. ദിവസങ്ങൾക്ക് ശേഷം വീട്ടുകാർ പരാതി നൽകിയതോടെയാണ് സംഭവം വെളിച്ചത്തായത്. രോഗസൗഖ്യം വാഗ്ദാനം ചെയ്താണ് നാടോടി കണക്കെയുള്ള സ്ത്രീ തട്ടിപ്പിന് കളമൊരുക്കിയത്. ഇടക്കോലിയിൽ ചാണകപ്പാറയിൽ പെണ്ണമ്മ സൈമണാണ് കല്ലട കോളനിയിലുള്ള മകളുടെ വീട്ടിൽ തട്ടിപ്പ് നടന്നതായി പരാതി നൽകിയത്.
കല്ലട കോളനിയിലെ വീട്ടിലെത്തി വേളാങ്കണ്ണി പള്ളിക്ക് സമർപ്പിക്കാനെന്ന പേരിലാണ് സ്വർണ്ണാഭരണങ്ങൾ തട്ടിയത്. നാടോടി സ്ത്രീയാണ് മോഷണത്തിന് പിന്നിലെന്നാണ് ആദ്യ കണ്ടെത്തൽ. തമിഴും മലയാളവും കലർത്തിയാണ് ഇവർ സംസാരിച്ചിരുന്നതെന്നാണ് പറയുന്നത്. പലദിവസങ്ങളിലായി വീട്ടിലെത്തിയ സ്ത്രീ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. പരാതി നൽകിയിരിക്കുന്ന പെണ്ണമ്മയുടെ മകൾ മാത്രം വീട്ടിലുള്ള സമയത്തെത്തിയാണ് കവർച്ച നടത്തിയത്.
ശരീരത്തിൽ അണിഞ്ഞിരിക്കുന്നതും വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതുമായ സ്വർണാഭരണങ്ങൾ മുഴുവൻ എടുത്ത് കൊണ്ടുവരാൻ നിർദ്ദേശിച്ച തട്ടിപ്പുകാരി ആഭരണങ്ങളൊന്നാകെ കണ്ടതോടെ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാൻ പെണ്കുട്ടി അകത്തുപോയതിന് പിന്നാലെ അകത്തുകയറിയ തട്ടിപ്പുകാരി പെണ്കുട്ടിയെ തള്ളിയിട്ട ശേഷം സ്വർണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്നിനായിരുന്നു തട്ടിപ്പ്.
ഇതിനിടെ കുര്യനാട്ട് ആളൊഴിഞ്ഞ വീട്ടിലും കവർച്ച നടന്നു. കുര്യനാട് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 17 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയും കവർന്നു. ഇടക്കോലിയിൽ ഇതരസംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രത്തിന്റെ പേരിൽ തട്ടിയെടുത്തത് 13 പവൻ സ്വർണാഭരണങ്ങളാണ്.
കുര്യനാട് മാവുങ്കൽ ജയ്സണ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജയ്സണും കുടുംബവും ശനിയാഴ്ച വീടുപൂട്ടി പുറത്തുപോയി ഞായറാഴ്ച രാത്രിയിൽ തിരികെയെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. വീടിന്റെ മുൻവാതിൽ തകർത്താണ് മോഷണം നടത്തിയത്. വീട്ടിലെ കിടപ്പുമുറയിലെ അലമാരയിൽ നിന്നാണ് സ്വർണ്ണവും പണവും മോഷ്ടിച്ചത്. രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.