അടൂർ: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 39,20000 രൂപ തട്ടിയെടുത്ത കേസിൽ പൂനെ സ്വദേശിനിയെ അടൂർ പോലീസ് അറസ്റ്റു ചെയ്തു. പൂനെ തലൈഗാവ് എസ്. നന്പർ നീലം അരുണ്‍കുമാർ ഉപാധ്യായ (39)യെ ആണ് പൂനെയിൽ നിന്ന് പോലീസ് പിടികൂടിയത്.
അടൂർ തെങ്ങുംതാര ’വിനായക’യിൽ ഷൈൻ വി. രാമകൃഷ്ണനിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 12 പേരിൽ നിന്ന് വാങ്ങിയ തുക സിംഗപ്പൂരിൽ ജോലിയ്ക്കായി 2013ൽ ഇയാളുടെ മുംബൈയിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് എസ്ബിഐ അടൂർ ശാഖയിൽ നിന്നും അടൂർ ഐസിഐസിഐ ശാഖയിൽ നിന്നും അയച്ചുകൊടുക്കുകയായിരുന്നു. ഈ പണം ഇവർ കൈപ്പറ്റിയ ശേഷം മുംബൈയിൽ നിന്നും താമസം മാറി പൂനെയിലെ തലൈഗോണ്‍ പാരഡൈസ് ഫ്ളാറ്റിൽ കഴിയുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെത്തിയ പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഇവർ പൂനെയിലെ സഹോദരന്റെ ഫ്ളാറ്റിൽ താമസിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചു. തുടർന്ന് പോലീസ് അവിടെയെത്തുകയായിരുന്നു. പൂനെ പോലീസിനെ വിവരമറിയിച്ചതിനു ശേഷം ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടർന്ന് 24 മണിക്കൂറിനകം പ്രതിയെ കോടതിയിൽ ഹാജരാക്കേണ്ടതിനാൽ പോലീസ് വിമാനമാർഗമാണ് സംസ്ഥാനത്തെത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. അടൂർ സിഐ ജി. സന്തോഷ്കുമാറിന്റെ നിർദ്ദേശപ്രകാരം എസ്ഐ സന്തോഷ്, വനിത എസ്ഐ സുജാത, എസ്സിപിഒ രഘുനാഥ്, വനിത സിപിഒ അനി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.