കൊച്ചി: ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരും ഭാര്യയും തന്റെ പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് അമ്മ ദേവകി അന്തര്‍ജനം നല്കിയ ഹര്‍ജി ഈമാസം 26നു മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഹൈക്കോടതി മാറ്റി.
ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരുടെ ഭാര്യയാണു ദേവകി അന്തര്‍ജനം. 2018 മേയില്‍ മഹേശ്വരര് അന്തരിച്ചതോടെ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം തട്ടിയെടുത്തെന്നും തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ മറ്റൊരാള്‍ക്കു വിറ്റെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയിലെ അക്കൗണ്ടില്‍നിന്നു 41.63 ലക്ഷം രൂപ ഇരുവരും ചേര്‍ന്നു ധനലക്ഷ്മി ബാങ്കിലേക്കു മാറ്റി. 83 വയസുള്ള രോഗിയായ തനിക്കു ബാങ്കില്‍ കയറിയിറങ്ങാന്‍ കഴിയാത്തതിനാല്‍ ഇടപാടുകള്‍ നടത്താന്‍ മൂത്ത മകനായ മോഹനരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണു പണം തട്ടിയെടുത്തതെന്നും തന്റെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരത്തു മകള്‍ക്കൊപ്പമാണ് ഇപ്പോള്‍ താമസം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ഭര്‍ത്താവിന്റെ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ മോഹനരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തു മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ പരാതി നല്കി. മാര്‍ച്ച് 15 നകം പ്രതിവിധിയുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും കേസ് മാര്‍ച്ച് 26 ലേക്കു മാറ്റി. ഇപ്പോള്‍ തെരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാന്‍ വീണ്ടും മാറ്റി.
പ്രായവും രോഗവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് നിലവിലിരിക്കേ തന്റെ വീട് ഇവരുടെ അറിവോ സമ്മതമോയില്ലാതെ പൊളിച്ചുനീക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. മറ്റു വരുമാനമൊന്നുമില്ല. ജീവനാംശം നല്‍കണമെന്നും തട്ടിയെടുത്ത പണവും കാറും വിട്ടുകിട്ടണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം.