കോട്ടയം: മകന് ലോട്ടറിയടിച്ചെന്നു പറഞ്ഞ് വാകത്താനത്ത് വയോധികയെ കബളിപ്പിച്ച് 42,000 രൂപയുമായി കടന്നു കളഞ്ഞത് പരിചയക്കാരനെന്ന് സൂചന. സിസിടിവിയിൽ ഇയാളുടെ ദൃശ്യം കിട്ടിയെന്നു പറഞ്ഞ പോലീസ് ഒരു മാസമായിട്ടും പ്രതിയെ പിടികൂടുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കാനും പോലീസ് തയാറാകുന്നില്ല.
ഒരുമാസം മുൻപ് പകൽ സമയത്ത് വയോധികയുടെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വന്നു. മകന്റെ കൂട്ടുകാരനാണെന്നും വിദേശത്തുള്ള മകന് ലോട്ടറിയടിച്ചെന്നും വിളിച്ചയാൾ പറഞ്ഞു. ലക്ഷങ്ങളുടെ തുകയാണ് കിട്ടാൻ പോകുന്നത്. പണം കിട്ടണമെങ്കിൽ ബാങ്കിൽ 42,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. വയോധികയ്ക്ക് അറിയാവുന്ന കൂട്ടുകാരനെന്ന വ്യാജേനയാണ് വിളിച്ചത്. മറ്റ് ആരോടും ഇക്കാര്യം പറയരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചിരുന്നു.
തൊട്ടടുത്തിരുന്ന് കാപ്പി കുടിക്കുകയായിരുന്ന ഭർത്താവിനോടു പോലും പറയാതെ വയോധിക പണവുമെടുത്ത് ഫോണിൽ പറഞ്ഞ സ്ഥലത്ത് എത്തി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താനായിരുന്നു നിർദേശം. ഒരു കുപ്പി വെള്ളവുമായി പറഞ്ഞ സ്ഥലത്ത് വേറൊരാൾ നിൽക്കുമെന്നായിരുന്നു വയോധികയെ അറിയിച്ചത്. കുപ്പിവെള്ളമായിരുന്നു അടയാളം. പണം നല്കി വയോധിക തിരികെ പോന്നു.
വീട്ടിൽ എത്തി മകനെ വിളിച്ചപ്പോഴാണ് കബളിപ്പിക്കലാണെന്ന് അറിഞ്ഞത്. വയോധികയുടെ മകൻ വിദേശത്താണെന്നും പണം വീട്ടിലുണ്ടെന്നും മനസിലാക്കിയാണ് തട്ടിപ്പു നടത്തിയതെന്ന് വ്യക്തം. പറഞ്ഞാൽ ആരോടും ചോദിക്കാതെ പണം നല്കുമെന്നുമൊക്കെ അറിയാവുന്നയാളാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് ഏതൊരാൾക്കും മനസിലാക്കാം. അതിനാൽ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട തട്ടിപ്പുകാരൻ വയോധികയുടെ പരിചയക്കാരൻ തന്നെ.
പക്ഷേ റെയിൽവേ സ്റ്റേഷനിൽ വച്ച് പണം വാങ്ങിയത് മറ്റൊരാളാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിയാമെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ സംഭവം നടന്ന് ഒരു മാസമായിട്ടും ഇതുവരെ തട്ടിപ്പുകാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പ്രസിദ്ധീകരിച്ചാൽ പെട്ടെന്ന് ആളെ തിരിച്ചറിയാൻ കഴിയുമെന്നിരിക്കെ പോലീസ് ഇതിന് ഇതുവരെ തയാറാകാത്തത് എന്താണെന്ന് വ്യക്തമല്ല.