പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിൽ വീണ്ടും സജീവമാകുന്നു. കരസേന, എൻസിസി ഓഫീസുകളിൽ നിന്നാണെന്ന് പറഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഫോണ് വിളിക്കുന്ന സംഘം സാധനങ്ങൾ ഓർഡർ ചെയ്യുകയാണ് പതിവ്.
പണം അയയ്ക്കുന്നതിനു വേണ്ടി ഇവർ അക്കൗണ്ട് നന്പറും എടിഎം കാർഡിന്റെ കോപ്പിയും വാട്സ് ആപ്പുവഴി ആവശ്യപ്പെടും. തുടർന്ന് വ്യാപാരിയിൽ നിന്ന് പാസ് വേർഡ് കൂടി വാങ്ങി അക്കൗണ്ടിൽ ഉള്ള പണം മുഴുവനും തട്ടിയെടുക്കുന്ന രീതിയാണ് ഇവർ ചെയ്തു വരുന്നത്.
ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് അറിവില്ലാത്തവരാണ് ഇവരുടെ കെണിയിൽ കുടുങ്ങുന്നത്. മുന്പും സമാനമായ നിരവധി കേസുകൾ കേരളത്തിൽ പല ഭാഗത്തും ഉണ്ടായതായി കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ് നവാസ് തനിമ അറിയിച്ചു.
ഇതു സംബന്ധിച്ച് പത്തനംതിട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം പത്തനംതിട്ട തനിമ ഹോട്ടലിൽ വിളിച്ച് 20 പേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്തു തട്ടിപ്പ് നടത്താൻ ശ്രമിച്ചിരുന്നു. തട്ടിപ്പു മനസിലാക്കി പോലീസിൽ പരാതി നൽകുകയായിരുന്നെന്ന് നവാസ് പറഞ്ഞു.
മുന്പും ഇതുപോലെ സമാനമായ സംഭവം ഉണ്ടായപ്പോൾ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഒരു വർഷത്തിൽ ഏറെയായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തുന്ന സംഘം എല്ലാ സ്ഥലത്തും ഒരേ പ്രൊഫൈൽ ചിത്രമാണ് വാട്സ് ആപ്പിൽ ഉപയോഗിക്കുന്നതെന്നും പറയുന്നു.