ചാലക്കുടി: നിക്ഷേപത്തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിച്ച ഫിനോമിനൽ ഹെൽത്ത് കെയർ കന്പനിയുടെ എംഡിയും ഡയറക്ടർമാരും മുങ്ങി. രണ്ടുദിവസമായി സൗത്ത് ജംഗ്ഷനിലുള്ള കന്പനിയുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ മാസങ്ങളായി ഓഫീസ് കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന നിക്ഷേപകർ ഇന്നലെ അടഞ്ഞുകിടക്കുന്ന ഓഫീസിനു മുന്പിൽ തടിച്ചുകൂടിയിരുന്നു. ഭൂരിഭാഗം പേർക്കും നൽകിയിരിക്കുന്ന ചെക്കുകൾ പണമില്ലാതെ പലതവണ മുടങ്ങിയതാണ്. ഓഫീസിനു മുന്പിൽനിന്നു നിക്ഷേപകരെ പോലീസ് എത്തിയാണു പിരിച്ചുവിട്ടത്. ഇന്നലെ ഓഫീസിനു മുന്പിൽ ഉണ്ടായിരുന്നവരിൽനിന്നു പോലീസ് പരാതിയും എഴുതിവാങ്ങി.
നിക്ഷേപിച്ച് എട്ടുവർഷം കഴിയുന്പോൾ ഇരട്ടി തുക വാഗ്ദാനം ചെയ്താണു നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. വീട്ടമ്മമാരായ സ്ത്രീകളെ ഏജന്റുമാരായി ഉപയോഗിച്ചാണു നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്. വഞ്ചിതരായവരിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓഫീസുകളും പ്രവർത്തിച്ചിരുന്നു. ഇവിടെയെല്ലാം ഓഫീസുകൾ അടച്ചതിനാൽ നിക്ഷേപകർ ചാലക്കുടി ഓഫീസിലേക്കാണ് എത്തിക്കൊണ്ടിരുന്നത്. പല അവധികൾ പറഞ്ഞിട്ടും പണം കൊടുക്കാതെ ഒടുവിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് എംഡിയും ഡയറക്ടർമാരും മുങ്ങിയിരിക്കുന്നത്.
മുംബൈ ആസ്ഥാനമായുള്ള കമ്പനിയിൽനിന്നും പണം വരുമെന്നു പറഞ്ഞാണു നിക്ഷേപകരെ ആശ്വസിപ്പിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിഭ ഭാഗങ്ങളിൽനിന്നും കോടിക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. പണം മുഴുവൻ മുംബൈയിലേക്കു കടത്തിക്കൊണ്ടു പോയിരിക്കുകയാണ്. ഏജന്റുമാരെ ഗോവയിലേക്കും ബംഗളൂരുവിലേക്കും മറ്റും കൊണ്ടുപോയി ഇടയ്ക്കിടെ കോണ്ഫറൻസും മറ്റും നടത്തി സ്വാധീനിച്ചിരിക്കുകയായിരുന്നു. പണം വിനിമയം ചെയ്യുന്നതിനുള്ള രജിസ്ട്രേഷനില്ലാത്തതിനാൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെതുടർന്ന് പോലീസ് ഒരു കേസെടുത്തിരുന്നു.
എംഡിയും ഡയറക്ടർമാരും മുങ്ങിയെങ്കിലും സർക്കാരിന്റെ ഉന്നതങ്ങളിൽ സ്വാധീനമുള്ള ഒരു സ്ത്രീയാണ് ഇപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പണം ചോദിച്ച് ഓഫീസിൽ വരുന്നവരെ പോലീസിനെക്കൊണ്ട് തിരിച്ചുവിടുകയാണ്.
പണം നഷ്ടപ്പെട്ട നിക്ഷേപകർ പോലീസ് പറയുന്നതുകേട്ടു തി രിച്ചുപോകുകയാണ്. ഇതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റൊരു പേരിൽ ഓഫീസ് തുറന്നു നിക്ഷേപങ്ങൾ സംഭരിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയുന്നു. കൊരട്ടി കട്ടപ്പുറം സ്വദേശിയായ എംഡി കഴിഞ്ഞ ഞായറാഴ്ചതന്നെ മുംബൈയിലേക്കു പോയി. ചാലക്കുടിയിൽതന്നെ ഇവരുടെ മറ്റൊരു ഓഫീസ്, കമ്പനിയുടെ പേരിലുള്ള മാളിന്റെ മുകൾനിലയിൽ രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ നിക്ഷേപകരെ പോലീസ് പിരിച്ചുവിട്ടശേഷം ഓഫീസ് തുറന്ന സ്ത്രീയെ നിക്ഷേപകർ വളഞ്ഞു.